ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കൈത്താങ്ങായ പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി വിജയകരമായി താഴെത്തട്ടിൽ എത്തിച്ച് ഇടുക്കിയിലെ കുളപ്പാറച്ചാൽ അങ്കണവാടി.
ഇടുക്കി :നെടുങ്കണ്ടം ബ്ലോക്ക് പരിധിയിൽപ്പെട്ട രാജകുമാരി കുളപ്പാറച്ചാൽ അങ്കണവാടിയാണ് ഇടുക്കി ജില്ലയിൽ തന്നെ പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പിലാക്കി മാതൃകയാകുന്നത്. 2017-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച ഈ ധനസഹായ പദ്ധതി വഴി, കുളപ്പാറച്ചാൽ അങ്കണവാടിക്കു കീഴിലെ അറുപത്തിയഞ്ചോളം അമ്മമാർക്കാണ് ഇതിനോടകം ആനുകൂല്യം ലഭിച്ചത്.
പ്രദേശത്തെ തോട്ടം തൊഴിലാളികളും കർഷകരുമായ സാധാരണക്കാരായ അമ്മമാരിലേക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ പദ്ധതിയുടെ ഗുണഫലങ്ങൾ എത്തിക്കാൻ ഇവിടുത്തെ അങ്കണവാടി വർക്കർ മിനി ജോർജ് പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്.
ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ പോലും സ്വയം ഏറ്റെടുത്ത് പരിഹരിച്ചാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.
സാമ്പത്തിക സഹായത്തിന് പുറമെ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണവും, ‘പോഷൻ അഭിയാൻ’ പദ്ധതിയും ഈ അങ്കണവാടി വഴി മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു.
സർക്കാർ ജീവനക്കാർക്കൊഴികെ മറ്റെല്ലാ വിഭാഗം അമ്മമാർക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. അർഹരായവരിലേക്ക് കൃത്യസമയത്ത് സഹായമെത്തിക്കാൻ അങ്കണവാടികൾക്ക് എങ്ങനെ പ്രവർത്തിക്കാം എന്നതിന്റെ നേർക്കാഴ്ചയാണ് കുളപ്പാറച്ചാൽ അങ്കണവാടിയിൽ നിന്നും കാണാൻ സാധിക്കുന്നത്.



