KeralaLatest NewsLifestyle

ഓട്ടോ മോഷ്ടിച്ചു, പിന്നാലെ ജീപ്പും; ഇന്ധനം നിറച്ച് മുങ്ങിയ ‘ഉണ്ണിക്കുട്ടനെ’ കുടുക്കി പൊലീസ്

ഇടുക്കി: ഇടുക്കിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങൾ മോഷ്ടിക്കുകയും പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളയുകയും ചെയ്ത യുവാവ് പൊലീസിൻ്റെ പിടിയിലായി. മുണ്ടക്കയം കൊക്കയാർ സ്വദേശി അമലാഭവൻ ഉണ്ണിക്കുട്ടനാണ് (25) സിനിമാ ശൈലിയിലുള്ള മോഷണ പരമ്പരയ്ക്കൊടുവിൽ പെരുവന്താനം ഹൈവേ പൊലീസിൻ്റെ വലയിലായത്. നെടുങ്കണ്ടത്തു നിന്ന് ഓട്ടോറിക്ഷയും പിന്നീട് അത് ഉപേക്ഷിച്ച് പാമ്പാടുംപാറയിൽ നിന്ന് ജീപ്പും മോഷ്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്.

പുലർച്ചെ രണ്ട് മണിയോടെയാണ് ഉണ്ണിക്കുട്ടൻ മോഷണ പരമ്പര ആരംഭിച്ചത്. നെടുങ്കണ്ടം ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ സർവീസ് നടത്തുന്ന മാളിയേക്കൽ ജോബിൻ ജെയിംസിൻ്റെ ഓട്ടോറിക്ഷയാണ് പ്രതി ആദ്യം ലക്ഷ്യമിട്ടത്. മുൻവശത്തെ വയറുകൾ വിച്ഛേദിച്ച് നേരിട്ട് കണക്ഷൻ നൽകി വാഹനം സ്റ്റാർട്ടാക്കിയ ശേഷം കുമളി – മൂന്നാർ സംസ്ഥാനപാതയിലൂടെ ഇയാൾ അതിവേഗം പാഞ്ഞു. ഓട്ടോറിക്ഷയുമായി പുലർച്ചെയോടെ പാമ്പാടുംപാറയിൽ എത്തിയപ്പോഴാണ് ടൗണിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടത്. പാമ്പാടുംപാറ വിളയിൽ വി എസ് രാജൻ്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വാഹനം. തുടർന്ന് ഓട്ടോറിക്ഷ അവിടെ ഉപേക്ഷിച്ച പ്രതി, ജീപ്പിൻ്റെയും വയറുകൾ അറുത്തുമാറ്റി നേരിട്ട് കണക്ഷൻ കൊടുത്ത് സ്റ്റാർട്ടാക്കി കട്ടപ്പന ഭാഗത്തേക്ക് തിരിക്കുകയായിരുന്നു.

മോഷ്ടിച്ച ജീപ്പുമായി പുലർച്ചെ കട്ടപ്പനയിലെ പെട്രോൾ പമ്പിലെത്തിയ ഉണ്ണിക്കുട്ടൻ ജീവനക്കാരോട് ഫുൾ ടാങ്ക് ഡീസൽ നിറയ്ക്കാൻ ആവശ്യപ്പെട്ടു. ഡീസൽ നിറച്ചതും പണം നൽകാതെ അതിവേഗത്തിൽ മുന്നോട്ട് പാഞ്ഞുപോവുകയായിരുന്നു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പമ്പ് ജീവനക്കാർ ഉടൻ തന്നെ കട്ടപ്പന പൊലീസിൽ വിവരമറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കൺട്രോൾ റൂം വഴി കട്ടപ്പന പൊലീസ് ഈ വിവരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും ഹൈവേ പൊലീസിനും അടിയന്തരമായി കൈമാറി. തുടർന്ന് കോട്ടയം അതിർത്തി ലക്ഷ്യമാക്കി പാഞ്ഞ പ്രതിയെ പിടികൂടാൻ കർശനമായ വാഹന പരിശോധനയാണ് പൊലീസ് നടത്തിയത്. ഇതിനൊടുവിലാണ് പെരുവന്താനം ഹൈവേ പൊലീസിൻ്റെ നേതൃത്വത്തിൽ മോഷ്ടിച്ച ജീപ്പുമായി ഉണ്ണിക്കുട്ടൻ വലയിലായത്. രാത്രികാല പട്രോളിങ് ശക്തമാക്കിയതും പൊലീസിൻ്റെ ദ്രുതഗതിയിലുള്ള ഇടപെടലുമാണ് പ്രതിയെ വേഗത്തിൽ പിടികൂടാൻ സഹായിച്ചത്. മോഷ്ടിച്ച വാഹനങ്ങളുമായി പ്രതി സംസ്ഥാനപാതയിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ചത് വലിയ അപകടസാധ്യതയും സൃഷ്ടിച്ചിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി നെടുങ്കണ്ടത്തെ വിവിധ തോട്ടങ്ങളിൽ വെൽഡിങ് ജോലികൾ ചെയ്തുവരികയായിരുന്നു ഉണ്ണിക്കുട്ടൻ. ഈ പരിചയമാണ് വാഹനങ്ങളുടെ വയറിങ് എളുപ്പത്തിൽ വിച്ഛേദിച്ച് മോഷ്ടിക്കാൻ പ്രതിക്ക് സഹായകരമായതെന്നാണ് പൊലീസ് നൽകുന്ന സൂചന. അറസ്റ്റിലായ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തുടർനടപടികൾക്കായി നെടുങ്കണ്ടം പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുങ്കണ്ടം, പാമ്പാടുംപാറ, കട്ടപ്പന തുടങ്ങിയ മേഖലകളിൽ സമാനമായ വാഹന മോഷണങ്ങൾ മുമ്പ് നടന്നിട്ടുണ്ടോയെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

പ്രതി അതീവ തന്ത്രപരമായാണ് രണ്ട് വാഹനങ്ങളും നേരിട്ട് കണക്ഷൻ കൊടുത്ത് മോഷ്ടിച്ചതെന്ന് നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ എസ് ഐ ലിജോ പി മണി വ്യക്തമാക്കി. കട്ടപ്പനയിൽ ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചത്. എല്ലാ സ്റ്റേഷനുകളുടെയും ഹൈവേ പൊലീസിൻ്റെയും കൃത്യമായ ഏകോപനമാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!