KeralaLatest News

ജന്മനാ ഗര്‍ഭപാത്രമില്ലായ്മ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ജന്മനാ ഗര്‍ഭപാത്രമില്ലായ്മയെ വൈകല്യമായി പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. 2017-ലെ സര്‍ക്കാര്‍ ഉത്തരവാണ് റദ്ദാക്കിയത്. ഗര്‍ഭപാത്രമില്ലായ്മയ്ക്ക് 50 ശതമാനം വൈകല്യം പ്രഖ്യാപിച്ചായിരുന്നു മുന്‍ ഉത്തരവ്. വൈകല്യങ്ങള്‍ നിശ്ചയിക്കാനുളള അധികാരം കേന്ദ്രസര്‍ക്കാരിനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഭിന്നശേഷി അവകാശ നിയമത്തിന് വിരുദ്ധമാണ് മുന്‍ ഉത്തരവെന്നാണ് കണ്ടെത്തല്‍. മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടന്ന എല്ലാ നടപടികളും അസാധുവാക്കി.

ജന്മനാ ഗര്‍ഭപാത്രമില്ലാത്തവര്‍ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്നായിരുന്നു നേരത്തെ ഉത്തരവ്. ഗര്‍ഭപാത്രമില്ലാത്തവരെ അംഗപരിമിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മലപ്പുറം സ്വദേശിനി ഗര്‍ഭപാത്രമില്ലാത്ത തന്റെ മകള്‍ക്കുവേണ്ടി നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഇതോടെ തൊഴില്‍ സംവരണം, പെന്‍ഷന്‍, സൗജന്യ യാത്ര തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ഇവര്‍ക്കും ലഭ്യമാകുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

2017-ല്‍ നിലവില്‍ വന്ന കേന്ദ്ര ഭിന്നശേഷി നിയമനത്തില്‍ 22 അംഗപരിമിതികള്‍ എന്ന് പറയുന്നുണ്ട്. എന്നാല്‍ അതില്‍ ജന്മനാ ഗര്‍ഭപാത്രമില്ലാത്ത സ്ത്രീകളെക്കുറിച്ച് പരാമര്‍ശമില്ല. കേന്ദ്രതലത്തില്‍ വിജ്ഞാപനം വന്ന് അംഗീകാരം ലഭിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് അംഗപരിമിതരുടെ പട്ടികയില്‍ ഗര്‍ഭപാത്രമില്ലാത്തവരെ ഉള്‍പ്പെടുത്താനുളള നടപടി നടപ്പിലാക്കാനാകൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!