KeralaLatest NewsLocal news

മഴയും വിള്ളലും ഗതാഗത കുരുക്കും…. വലഞ്ഞ് മൂന്നാർ….

മഴയും ഗതാഗതനിയന്ത്രണവുംമൂലം മൂന്നാർ മണിക്കൂറുകളോളം കുരുങ്ങി. മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ദേശീയപാതയിൽ വഴിയുള്ള ഗതാഗതം നിരോധിച്ചതിനെത്തുടർന്ന് ബൈപ്പാസ് റോഡ് വഴിയാണ് വാഹനങ്ങളെ മൂന്നാറിലേക്ക് കടത്തിവിടുന്നത്. ഇത് മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് സൃഷ്ടിക്കുന്നത്. ദേശീയപാതയിൽപ്പെട്ട പഴയ മൂന്നാർ സി.എസ്.ഐ. പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നൂറുമീറ്ററിലധികം ദൂരത്തിൽ വിള്ളലുണ്ടായത്. മണ്ണ് താഴേക്ക് ഊർന്നാൽ പ്രദേശത്തും സമീപത്തെ വലിയമലയിലും വിള്ളൽ ഉണ്ടാകുന്ന സാഹചര്യമാണ്. മല തകർന്ന് സമീപത്തുള്ള മുതിരപ്പുഴയിൽ പതിച്ചാൽ മൂന്നാറിൽ വെള്ളപ്പൊക്കസാധ്യതയുമുണ്ടാകും നിലവിൽ മല ഇടിഞ്ഞുനിൽക്കുന്ന താഴ്ഭാഗത്ത് പതിറ്റാണ്ടുകൾക്ക് മുൻപ് മണ്ണിടിച്ചിലുണ്ടായതാണ്.

വീതികൂട്ടലിന്റെ ഭാഗമായി നടക്കുന്ന അശാസ്ത്രീയമായ മണ്ണെടുപ്പിനുശേഷമാണ് ഇത്തരത്തിൽ വിള്ളലുണ്ടായത്. കളക്ടറുടെ നിർദേശപ്രകാരം ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ്, ​െഡപ്യൂട്ടി കളക്ടർ, ജില്ലാ ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ സി.എസ്.ഐ. പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമി സന്ദർശിച്ചിരുന്നു. വിള്ളലുണ്ടായ സ്ഥലത്തിന് താഴേക്ക് ഇടിഞ്ഞുനിൽക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യാൻ തുടങ്ങി. വെള്ളിയാഴ്ചമുതൽ ഇതുവഴി ഗതാഗതം പുനരാരംഭിച്ചേക്കും

മഴയെ തുടർന്ന് പഴയ മൂന്നാർവഴിയുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾ കടത്തിവിടുന്ന ബൈപ്പാസ് റോഡ് സംഗമിക്കുന്നിടത്തെ പാലം വഴി ഭാരവാഹനങ്ങൾ കടത്തിവിടരുതെന്ന് ആവശ്യം ഉയരുന്നു. പോലീസ് സ്റ്റേഷനു സമീപമുള്ള പാലം അപകടാവസ്ഥയിലാണ്. 2018-ലെ പ്രളയത്തിൽ സംരക്ഷണഭിത്തി തകർന്നതിനെത്തുടർന്ന് പാലത്തിന് ചരിവ് സംഭവിച്ചിരുന്നു. കുട്ടിയാർ പുഴയിൽ കരിങ്കൽ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് പാലത്തിന്റെ പല ഭാഗവും അടർന്നുപോയ നിലയിലാണ്. 126 വർഷം മുൻപ് ബ്രിട്ടിഷുകാർ നിർമിച്ച പാലമാണിത്.

മലയിടിച്ചിൽ ഭീഷണിയെത്തുടർന്ന് പഴയ മൂന്നാർ വഴി ഗതാഗതം നിരോധിച്ചതോടെ വട്ടവട, കുണ്ടള, കാന്തല്ലൂർ മേഖലകളിൽനിന്നുള്ള ഗ്രാന്റീസ് കയറ്റിയ ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ അപകടാസ്ഥയിലുള്ള ഈപാലം വഴിയാണ് കടന്നു പോകുന്നത്. പാലം അപകടാവസ്ഥയിലായാൽ മൂന്നാർ ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്.

അതേസമയം, പ്രകൃതിദുരന്തങ്ങൾ മൂലം വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞിരിക്കുകയാണ്. ഇതോടെ മൂന്നാറിലും സമീപപ്രദേശങ്ങളിലും ടാക്സി, ജീപ്പ്, വ്യാപര സ്ഥാപനങ്ങളും, റിസോർട്ടുകളും പ്രതിസന്ധിയിലാണ്. മൺസൂൺ ടൂറിസവും തിരിച്ചടിയാകുമെന്ന് ആശങ്കയിലാണ് വ്യാപാരികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!