മേലുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു; ഇടുക്കിയിൽ പൊലീസുകാരന് സസ്പെൻഷൻ.

ഇടുക്കി: മേലുദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്ത് (DHQ ക്യാമ്പ്) സേവനമനുഷ്ഠിച്ചുവരുന്ന സിവിൽ പൊലീസ് ഓഫീസർ അഖിൽ മാത്യുവിനെയാണ് അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. 2026 ഏപ്രിൽ 18-നാണ് സംഭവം.
ഇടുക്കി ഡിവൈഎസ്പി ഓഫീസിലേക്ക് ഫോൺവിളിച്ച അഖിൽ മാത്യു, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ, പൊലീസ് സേനയിലെ മേലുദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിലൂടെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്കലംഘനവും നടത്തിയതായി വകുപ്പുതല പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്, അഖിൽ മാത്യുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു. വീടിന് മുന്നിൽ ഉണ്ടായ വഴക്ക് അന്വേഷിക്കാൻ എത്തിയ ഇടുക്കി പൊലിസ് സ്റ്റേഷൻ എസ്ഐയെയും അസഭ്യം പറഞ്ഞിരുന്നു. നേരത്തെ സസ്പെൻഷൻ കഴിഞ്ഞ് വന്നതാണ് ഈ പൊലീസ് ഉദ്യോഗസ്ഥൻ



