
മൂന്നാർ : ദുരന്തം ഉരുള്‍പൊട്ടലായി ഒഴുകിയെത്തിയ പെട്ടിമുടിയുടെ ഓർമക്ക് ഇന്ന് ആറ് വർഷം. 2020 ആഗസ്റ്റ് ആറിന് രാത്രി 11 മണിയോടെയാണ് കേരളത്തെതന്നെ നടുക്കിയ പ്രകൃതിദുരന്തമുണ്ടായത്. കണ്ണന്‍ദേവന്‍ തേയില പ്ലാന്റേഷനിലെ നയമക്കാട് എസ്റ്റേറ്റിലെ രാജമലക്ക് സമീപമുള്ള പെട്ടിമുടി ഡിവിഷനിലെ ലയങ്ങള്‍ക്ക് മേല്‍ പുഴപോലെ ഉരുള്‍പൊട്ടിയെത്തിയ കല്ലും മണ്ണും പെട്ടിമുടി എന്ന സുന്ദരമായ കൊച്ചുലയങ്ങളെയും അതിലുള്ള ജീവനുകളെയും അപഹരിച്ചുകൊണ്ടുപോയി. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും 70 പേര്‍ മരിക്കുകയും ചെയ്തു. ഇതില്‍ നാലുപേരുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. മരിച്ചവരില്‍ ഒരു ഗര്‍ഭിണിയും 18 കുട്ടികളും ഉള്‍പ്പെടും.

കനത്ത മഴയെ തുടര്‍ന്ന് തൊഴിലാളികളില്‍ പലരും ഉറക്കം പിടിച്ചപ്പോഴാണ് ദുരന്തം കല്ലിന്റെയും മണ്ണിന്റെയും രൂപത്തില്‍ വെള്ളത്തിനൊപ്പം ഒഴുകിയെത്തിയതെന്നത് അപകടത്തിന്റെ തീവ്രത കൂട്ടി. ദുരന്തഭൂമി ഇന്ന് കാടുപിടിച്ച് പ്രേതഭൂമിയായി മാറിയിരിക്കുകയാണ്. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട കുടുംബങ്ങള്‍ക്ക് കുറ്റിയാര്‍വാലിയില്‍ പുതിയ വീടും നിര്‍മിച്ച് നല്‍കി.

ഒന്നര കിലോ മീറ്ററോളം ദൂരെ മലമുകളില്‍നിന്നാണ് ഉരുള്‍പൊട്ടല്‍ ആരംഭിച്ചത്. ഇത് വെള്ളമൊഴുകുന്ന ചെറിയ ചാലിലൂടെ വളഞ്ഞും തിരിഞ്ഞും ഒഴുകി വലിയ പ്രവാഹമായി താഴേക്ക് പതിക്കുകയായിരുന്നു. കരിന്തിരിയാറിന്റെ (പെട്ടിമുടി പുഴ) തീരത്തുണ്ടായിരുന്ന രണ്ട് വലിയ ലയങ്ങളും രണ്ട് ചെറിയ ലയങ്ങളുമാണ് അപകടത്തില്‍ തകര്‍ന്നത്.

സ്ഥലത്ത് മൊബൈല്‍ റേഞ്ചില്ലാത്തതും പെരിയവര പാലം തകര്‍ന്നതും അപകടത്തിന്റെ തീവ്രത കൂട്ടി. പ്രദേശവാസികള്‍ നടന്ന് രാജമലയിലെ വനംവകുപ്പ് ഓഫിസിലെത്തിയാണ് വിവരം പുറംലോകത്തെയറിയിച്ചത്. തിരച്ചിലിനായി കോവിഡ് മറന്നും നാടൊന്നിച്ചു. ഓരോ ദിവസവും മണ്ണിനടിയില്‍ നടത്തിയ തിരച്ചിലില്‍ ഹൃദയഭേദകമായ കാഴ്ചകളാണ് കാണാനായത്. ഇത് കേരളത്തെ തന്നെ ഈറനണിയിച്ചു.

അപകടത്തില്‍പ്പെട്ട പാതിയോളം പേരുടെ മൃതദേഹം പുഴയില്‍ നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. 14 കിലോ മീറ്റര്‍ വരെ ദൂരത്തില്‍ എട്ടടിയിലധികം ഉയരമുള്ള മരത്തില്‍നിന്നടക്കം മൃതദേഹങ്ങള്‍ ലഭിച്ചു. നീണ്ട 18 ദിവസത്തിന് ശേഷമാണ് ഔദ്യോഗികമായി പെട്ടിമുടിയിലെ തിരച്ചില്‍ അവസാനിപ്പിച്ചത്.

മരിച്ചവരെയെല്ലാം സമീപത്തെ മൈതാനത്താണ് സംസ്‌കരിച്ചത്. അവിടെ ഒരു സ്മാരകവും ഉയർന്നിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളടക്കം നിരവധി പേര്‍ പ്രാർഥനയും ചടങ്ങുമായി ഓരോ വർഷവും ഓർമ പുതുക്കാൻ ഇവിടെയെത്തും. പൂക്കളും അവർക്കിഷ്ടമുള്ള ഭക്ഷണ സാധനങ്ങളുമായാണ് പലരും ഇവിടേക്ക് എത്തുക. മക്കളെ വിളിച്ചും ഉറ്റവരെ വിളിച്ചുമുള്ള ഇവരുടെ പ്രാർഥനയും കണ്ണീരും കണ്ടുനിൽക്കുന്നവരെയും ഈറനണിയിക്കും.




