
ഇടുക്കിയിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നതോടെ മുൻകരുതൽ നടപടികൾ ശക്തമാക്കി അധികൃതർ. നെടുങ്കണ്ടം കല്ലാർ ഡാമിന്റെ രണ്ടാമത്തെ ഷട്ടർ അഞ്ച് സെന്റീമീറ്റർ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. പരമാവധി സംഭരണ ശേഷിയായ 824 മീറ്ററിലേക്ക് ജലനിരപ്പ് എത്തിയതോടെയാണ് അണക്കെട്ടിന്റെ ഷട്ടർ ഉയർത്തിയത്. ഡാം തുറന്ന സാഹചര്യത്തിൽ തൂവൽ, പെരിഞ്ചാംകുട്ടി മേഖലകളിൽ പുഴയോരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി.
ഇന്നലെ ഉച്ചയ്ക്ക് 3:30-ന് ഡാം തുറക്കുമെന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും, ജലനിരപ്പ് പ്രതീക്ഷിച്ചത്ര ഉയരാത്തതിനെത്തുടർന്ന് വൈകിട്ട് 6 മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്. നിലവിൽ സെക്കൻഡിൽ രണ്ട് ക്യുമെക്സ് ജലമാണ് പുഴയിലേക്ക് ഒഴുക്കുന്നത്.
ഇടുക്കി ഡാമിന്റെ പ്രധാന ഡൈവേർഷൻ ഡാമുകളിലൊന്നാണ് കല്ലാർ. കല്ലാറിന് പുറമേ മറ്റൊരു ഡൈവേർഷൻ ഡാമായ ഇരട്ടയാറിലും ജലനിരപ്പ് സംഭരണശേഷിയോട് അടുക്കുകയാണ്.
ഡാം തുറന്ന സാഹചര്യത്തിൽ തൂവൽ, പെരിഞ്ചാംകുട്ടി തുടങ്ങിയ പ്രദേശങ്ങളിൽ പുഴയോരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പുഴകളിൽ ഇറങ്ങുന്നതിനും മീൻപിടിക്കുന്നതിനും കർശന വിലക്കുണ്ട്.



