കള്ളൻമാർക്കും ഗുണമേന്മ കൂടിയ ഏലക്ക മതി: മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ ഏലക്ക മോഷണം

ഇടുക്കി : നെടുംകണ്ടം ചക്കക്കാനത്ത് പ്രവർത്തിയ്ക്കുന്നപൊന്നൂസ് കാർഡമം ട്രെഡിങ് സെന്ററിൽ ആണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. മേഖലയിലെ ട്രാൻസ്ഫോർമർ ഓഫ് ചെയ്ത ശേഷമാണ് മോഷ്ടാവ് സ്ഥാപനത്തിന് അടുത്ത് എത്തിയത്. കെട്ടിടത്തിന് മുൻ ഭാഗത്ത് സ്ഥാപിച്ചിരുന്ന സി സി ടി വികളിൽ മുഖം പതിയാതിരിയ്ക്കാൻ ഇവ മുകളിലേയ്ക് തിരിച്ചു വെച്ച ശേഷമാണ് ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തു കടന്നത്. കടയ്ക്കുള്ളിൽ ഗ്രേഡ് തിരിച്ചു വെച്ചിരുന്ന ഏറ്റവും വിലയേറിയ ഏലക്ക ഏതെന്നു വിലയിരുത്തിയ ശേഷം ആയിരുന്നു മോഷണം
സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 50000 ഓളം രൂപയും ഗ്രേഡ് ചെയ്ത് തിരിച്ച് മൂന്ന് ചാക്കുകളിൽ ആയി സൂക്ഷിച്ചിരുന്ന ഏലക്കയും മോഷ്ടാവ് പുറത്ത് എത്തിച്ചു. ഈ സമയം കെട്ടിടത്തിന്റെ മുകൾ നിലയിൽ താമസിയ്ക്കുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണരുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു. ഏലക്ക നിറച്ച ചാക്കുകൾ ചുമന്ന് മാറ്റാൻ ശ്രമിയ്ക്കുന്നതിനിടെ, പ്രദേശ വാസികൾ വിവരം അറിഞ്ഞതായി മനസിലാക്കിയ മോഷ്ടാവ് ഓടി രക്ഷപെട്ടു. സംഭവം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടി കൂടുകയും മേഖലയിലെ മറ്റൊരു കെട്ടിടത്തിന് സമീപത്തു നിന്ന് രണ്ട് ചാക്ക് ഏലക്കായും മോഷണം നടന്ന കടയുടെ മുൻപിൽ നിന്ന് ഒരു ചാക്ക് ഏലക്കായും ലഭിച്ചു.
സ്ഥാപനത്തിന്റെ ഓഫീസ് പ്രവർത്തിയ്ക്കുന്ന ഷട്ടർ കൃത്യമായി മനസിലാക്കി ഈ ഷട്ടറിന്റെ പൂട്ട് മാത്രമാണ് തകർത്തത്. ബാക്കിയുള്ള ഷട്ടറുകളോട് ചേർന്ന് ഏലക്ക നിറച്ച ചാക്കുകൾ അടുക്കി വെച്ചിരിയ്ക്കുന്നതിനാൽ അകത്തു പ്രവേശിയ്ക്കാൻ ആവില്ല. സ്ഥാപനത്തിന് ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് ഏതാനും മിനിറ്റുകൾക് ഉള്ളിൽ തന്നെ മോഷണം നടത്തി പുറത്തിറങ്ങി
നെടുംകണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവ് ശേഖരിച്ചു. വീട്ടമ്മയുടെ അവസരോചിത ഇടപെടൽ മൂലം സ്ഥാപന ഉടമയ്ക് ലക്ഷങ്ങളുടെ ഏലക്ക ആണ് തിരികെ ലഭിച്ചത്



