Latest NewsLocal news

പൊളിച്ചുനീക്കിയ ഓടകളും കലുങ്കുകളും പുനർ നിർമ്മിച്ചില്ല: പരാതിയുമായി അടിമാലിയിലെ ബസ് ജീവനക്കാർ

അടിമാലി :ദിവസേന ആയിരക്കണക്കിന് യാത്രക്കാരും വാഹനങ്ങളും ആശ്രയിക്കുന്ന റോഡാണ് പ്രൈവറ്റ് ബസ്റ്റാൻഡ് റോഡ്. പഞ്ചായത്തിന്റെ ശുചീകരണ പ്രവർത്തനത്തിന് ഭാഗമായി ബസ്റ്റാന്റിന് സമീപത്തുള്ള ഓടകളിലും കലുങ്കുകളിലും അടിഞ്ഞുകൂടിയിരിക്കുന്ന ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തിരുന്നു. എന്നാൽ കലുങ്കുകൾ കൃത്യമായി രീതിയിൽ പുനർനിർമ്മിക്കാത്തത് റോഡിനെ ആശ്രയിക്കുന്ന ബസ് തൊഴിലാളികൾക്കും മറ്റ് കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ദിവസേന നിരവധി സർവീസ് ബസുകൾ അടക്കം റോഡിൽ രൂപപ്പെട്ട കുഴികളിൽ വീണ് വാഹനങ്ങളുടെ മെയിൻ പ്ലേറ്റുകൾ അടക്കം ഒടിഞ്ഞ് വലിയ സാമ്പത്തിക നഷ്ടമാണ് ഉടമകൾക്കുണ്ടാകുന്നതെന്ന് ബസ് ജീവനക്കാർ പറഞ്ഞു.

​മഴക്കാലമായതോടെ സ്റ്റാൻഡിലേക്ക് വെള്ളം ഒഴുകിയെത്തി കെട്ടിക്കിടക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. വെള്ളക്കെട്ട് മൂലം പകർച്ചവ്യാധികളും മഹാമാരികളും പടർന്നുപിടിക്കാനുള്ള സാധ്യത ഏറിയതിലാൽ പഞ്ചായത്തും ആരോഗ്യവകുപ്പും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് തൊഴിലാളികളും യാത്രക്കാരും ആവശ്യപ്പെടുന്നു.

​നിലവിലെ സ്ഥലപരിമിതി മൂലം 15-ൽ അധികം ബസ്സുകൾ ഒരുമിച്ച് സ്റ്റാൻഡിൽ എത്തുമ്പോൾ ഗതാഗതക്കുരുക്ക് രൂപപ്പെടാറുണ്ട്. മാത്രമല്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ബസ്റ്റാൻഡിലേക്ക് അകത്തേക്കും പുറത്തേക്കും ഉള്ള വഴിയിൽ മാറ്റം വരുത്തിയതും പൊതുജനങ്ങൾക്കും ബസ് ജീവനക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി ജീവനക്കാർ ആരോപിച്ചു. ​വിഷയത്തിൽ പലതവണ പരാതിപ്പെട്ടിട്ടും പഞ്ചായത്ത് അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ വാഴനട്ട് പ്രതിഷേധിച്ചത്.

സിഐടിയു അടിമാലി ബസ് തൊഴിലാളി മേഖല പ്രസിഡന്റ് അഖിൽ സി.ആർ, കൺവീനർ സിദ്ദിഖ് പൊന്നപ്പാല, കേരള കോൺഗ്രസ് (ബി) ഇടുക്കി ജില്ലാ യൂത്ത് പ്രസിഡന്റ് സിബി വെള്ളത്തൂവൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ ബസ് സ്റ്റാൻഡ് ബഹിഷ്കരണം അടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് തൊഴിലാളി നേതാക്കൾ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!