CrimeLatest NewsLocal news

ഹൈറേഞ്ചിൽ ഏലക്കർഷകരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

രാജാക്കാട് : പ്രതികൂല കാലാവസ്ഥയോടും രോഗകീടബാധയോടും പൊരുതി ഏലം വിളയിച്ചെടുക്കുന്ന ഹൈറേഞ്ചിലെ കർഷകരുടെ സ്വപ്നങ്ങളിലേക്കാണ് മോഷ്ടാക്കൾ കവർച്ചാക്കണ്ണുകളുമായി ഇറങ്ങുന്നത്. രാജാക്കാട് എൻ.ആർ സിറ്റിയിലാണ് ഏറ്റവും ഒടുവിലത്തെ വൻ ഏലക്കായ മോഷണം നടന്നത്. തമിഴ്‌നാട് ബോഡിനായ്ക്കന്നൂർ സ്വദേശിയായ അരുൺകുമാറിന്റെ തോട്ടത്തിൽ നിന്നാണ് 300 കിലോയോളം പച്ച ഏലക്കായ കവർന്നത്. അരുൺകുമാർ തമിഴ്‌നാട്ടിലെ സ്വന്തം വീട്ടിൽ പോയ സമയം കൃത്യമായി മനസ്സിലാക്കിയായിരുന്നു മോഷണം. തോട്ടത്തിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെയെല്ലാം വെട്ടിച്ചാണ് കവർച്ചാ സംഘം കായ പറിച്ചെടുത്തത്. നാട്ടിൽ നിന്ന് തിരികെയെത്തി വിളവെടുപ്പിനായി തൊഴിലാളികളുമായി തോട്ടത്തിലെത്തിയപ്പോഴാണ് ചെടികളിൽ നിന്ന് കായ പൂർണ്ണമായും മോഷ്ടിക്കപ്പെട്ടതായി അരുൺകുമാർ അറിയുന്നത്

കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉൽപ്പാദനക്കുറവും വിലതകർച്ചയും കാരണം പെടാപ്പാട് പെടുന്ന കർഷകർക്ക് ഇരട്ടി പ്രഹരമാണ് ഇത്തരം മോഷണങ്ങൾ. വൻതുക ബാങ്ക് വായ്പയെടുത്തും കടം വാങ്ങിയുമാണ് ഭൂരിഭാഗം പേരും കൃഷി ഇറക്കുന്നത്. വിളവെടുപ്പ് സമയത്ത് കായ മോഷണം പോകുന്നത് കർഷകരെ കടുത്ത കടബാധ്യതയിലേക്കാണ് തള്ളിവിടുന്നത്. കൃത്യമായ പരിശോധനകളില്ലാതെ ചില പ്രാദേശിക കടകളിൽ പച്ച ഏലക്കായ വാങ്ങി സൂക്ഷിക്കുന്നതാണ് മോഷണം പെരുകാൻ പ്രധാന കാരണമെന്ന് കർഷകർ ആരോപിക്കുന്നു. സംഭവത്തിൽ അരുൺകുമാർ രാജാക്കാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!