നോട്ടിസ് നല്കിയാല് പ്രതി ഒളിവില്‍ പോകുമെന്ന പോലീസ് വാദം അംഗീകരിക്കാന്‍ കഴിയില്ല’; ടി ജി മോഹന്‍ദാസിന്റെ ജാമ്യ ഉത്തരവ് പുറത്ത്

അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ ആര്‍എസ്എസ് സഹയാത്രികന് ടി ജി മോഹന്‍ദാസിന്റെ ജാമ്യ ഉത്തരവ് പുറത്ത്. പൊലീസ് വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് തിരുവനന്തപുരം എസിജെഎം കോടതി ഉത്തരവ്. അറസ്റ്റ് സുപ്രിംകോടതി വിധിയുടെ ലംഘനമെന്നും, സുപ്രിംകോടതിയുടെ ഭരണഘടനാപരമായ നിര്‍ദേശത്തെ പൊലീസ് അവഗണിച്ചുവെന്നും ഉത്തരവില്‍ പറയുന്നു. നോട്ടിസ് നല്കിയാല് പ്രതി ഒളിവില്‍ പോകുമെന്ന പോലീസ് വാദം അംഗീകരിക്കാന്‍ കഴിയില്ല. നോട്ടീസ് നല്‍കാത്തത് പൊലീസിന് തൃപ്തികരമായി ന്യായീകരിക്കാനായില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യവും തള്ളി.
നിയമത്തില്‍ നിന്ന് വ്യതിചലിച്ച് പൊലീസിന് കസ്റ്റഡിക്ക് കഴിയില്ലെന്നും എസിജെഎം കോടതി വ്യക്തമാക്കി. അധിക്ഷേപ പരാമര്‍ശത്തില്‍ പരാതി ലഭിച്ചു മൂന്നു ദിവസത്തിന് ശേഷമാണു ടി.ജി മോഹന്‍ദാസിനെതിരെ കേസെടുത്തത്. കേസെടുത്ത് പത്തു ദിവസം കഴിഞ്ഞിട്ടും തുടര്‍നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് കൊച്ചിയിലെ വസതിയില്‍ നിന്നും തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് വീഴ്ച കാരണം പ്രതിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യവുമുണ്ടായി.
സുപ്രീം കോടതിയുടെ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബോധപൂര്‍വ്വം അവഗണിച്ച സൈബര്‍ പൊലീസിന്റെ നീക്കമാണ് തിരിച്ചടിയായത്. നോട്ടീസ് അയച്ചാല്‍ പ്രതി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന ന്യായമാണ് അന്വേഷണ സംഘം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഉന്നയിച്ചത്. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്രമ ലംഘനം ബോധപൂര്‍വമാണെന്ന് വ്യക്തമായതോടെ കോടതി ജാമ്യം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം. വരും ദിവസങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അടുത്ത രണ്ട് മാസം എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലെത്തി ഒപ്പുവെക്കണം. ജാമ്യകാലയളവില്‍ സമാനമായ യാതൊരു കേസുകളിലും പ്രതിയാകാന്‍ പാടില്ല. അന്വേഷണത്തിന്റെ ഏത് ഘട്ടത്തിലും പൊലീസ് ആവശ്യപ്പെടുമ്പോള്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്നും തിരുവനന്തപുരം കോടതി ഉത്തരവിട്ടു



