CrimeLatest NewsLocal news

രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിൻ്റെ മിന്നല്‍ പരിശോധന; ഇടുക്കിയിൽ ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

വിനോദസഞ്ചാര മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു. ഇടുക്കി രാജകുമാരിയിൽ മാരകശേഷിയുള്ള ഹൈബ്രിഡ് കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. രാജകുമാരി ആവണക്കുംചാൽ സ്വദേശികളായ ശൗര്യമ്മാക്കൽ ജോയൽ ജോർജ്ജ് (28), മാണിക്കൽ ആനന്ദ് സജീവ് (30), പാച്ചേലിൽ ജോയൽ ജോസ് (25) എന്നിവരെയാണ് രാജാക്കാട് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ജില്ലയിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് നടത്തിവരുന്ന പ്രത്യേക ‘തൂഫാൻ’ പരിശോധനയുടെ ഭാഗമായാണ് പ്രതികൾ വലയിലായത്. വ്യാഴാഴ്ച രാവിലെ ആവണക്കുംചാൽ പാലത്തിന് സമീപത്തു വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞുനിർത്തി പൊലീസ് പരിശോധന നടത്തിയത്.

ബെംഗളൂരിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തിയ ജോയൽ ജോർജ്ജ് പൂപ്പാറയിൽ ബസിറങ്ങുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കളായ ആനന്ദും ജോയൽ ജോസും ചേർന്ന് ജീപ്പിൽ ഇയാളെ കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് നാടകീയമായി പൊലീസ് സംഘം ഇവരെ വളഞ്ഞത്. പ്രതികളെക്കുറിച്ച് പൊലീസിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവരിൽ നിന്ന് 18.17 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് കണ്ടെടുത്തു. ബാംഗ്ലൂരിൽ നിന്നും 15,000 രൂപ നൽകിയാണ് ഇത് വാങ്ങിയതെന്ന് ജോയൽ പൊലീസിനോട് സമ്മതിച്ചു. സ്വന്തം ആവശ്യത്തിനും ലഹരി ഉപയോഗത്തിനുമായി കൊണ്ടുവന്നതാണെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ നൽകിയ മൊഴി. മൂവരും പതിവായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികൾക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ജാമ്യത്തിൽ അയച്ചു. വരും ദിവസങ്ങളിലും ജില്ലയിൽ ‘തൂഫാൻ’ പരിശോധനയുടെ ഭാഗമായി ലഹരി വിരുദ്ധ റെയ്ഡുകൾ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!