
പ്രമുഖ യൂട്യൂബറും മലപ്പുറം വളാഞ്ചേരി സ്വദേശിയുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നു വൈകിട്ടാണ് അന്ത്യം. ഭിന്നശേഷിക്കാരന്‍ ആയ സ്വാലിഹിന്റെ യൂട്യൂബ് വീഡിയോകള്‍ നിരവധിയാളുകളാണ് കണ്ടിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരേക്കാട് സി കെ പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.ചാവക്കാട് സ്വദേശിയായ ജസീലയാണ് ഭാര്യ. ഫാത്തിമ സഫിയ, മുഹമ്മദ് മിസ്ബാഹ് എന്നിവര്‍ മക്കളാണ്.
യൂട്യൂബില്‍ സ്വാലിഹിന് നിരവധി സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്. ശാരീരിക പരിമിതികളോടും സാമ്പത്തിക പ്രയാസങ്ങളോടും അസാമാന്യമായ കരുത്തോടെ പടവെട്ടിയ സ്വാലിഹ് നിരവധി പേര്‍ക്കാണ് പ്രതീക്ഷയുടെ സന്ദേശം പകര്‍ന്ന് നല്‍കിയിരുന്നത്. സ്വാലിഹിന്റെ ഡേ ഇന്‍ മൈ ലൈഫ് വിഡിയോകള്‍ക്ക് നിരവധി കാഴ്ചക്കാരാണുള്ളത്. ജീവിതത്തിലെ സന്തോഷവും ദുഃഖവും നിറഞ്ഞ ചെറിയ മുഹൂര്‍ത്തങ്ങളാണ് സ്വാലിഹ് യൂട്യൂബില്‍ പങ്കുവച്ചിരുന്നത്



