KeralaLatest News

തേനി സബ് ജയിലിൽ നിന്ന് 17 തടവുകാർ രക്ഷപ്പെട്ടു; അതിർത്തികളിൽ കനത്ത ജാഗ്രത

തേനി: തമിഴ്‌നാട്ടിലെ തേനി ജില്ലയിലുള്ള തെക്കമ്പട്ടി സബ് ജയിലിൽ നിന്ന് പൊലീസുകാരെ ആക്രമിച്ച് 17 വിചാരണ തടവുകാർ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. രക്ഷപ്പെട്ടവരിൽ നാല് പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആണ്ടിപ്പെട്ടിക്ക് സമീപമുള്ള തെക്കമ്പട്ടി സബ് ജയിലിലാണ് സംഭവം നടന്നത്. തേനി, മധുര, ദിണ്ടിഗൽ തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള വിചാരണ തടവുകാരാണ് ഇവിടെയുള്ളത്. വിവിധ കേസുകളിൽ ഉൾപ്പെട്ട 17 പേരും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. ഇതിൽ ഒരാൾക്ക് പെട്ടെന്ന് അപസ്മാരം വന്നതായി തടവുകാർ അഭിനയിക്കുകയായിരുന്നു.

തുടർന്ന് വിവരം അറിഞ്ഞ് പ്രഥമശുശ്രൂഷ നൽകാനായി സെല്ലിനുള്ളിലേക്ക് പ്രവേശിച്ച ജയിൽ ഉദ്യോഗസ്ഥരെ ഇവർ കൂട്ടത്തോടെ ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഇതിന് ശേഷമാണ് പ്രതികൾ ജയിലിൽ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടത്. ആക്രമണത്തിൽ തേനി ജില്ല ജയിലിലെ ഗ്രേഡ് രണ്ട് പൊലീസ് ഉദ്യോഗസ്ഥനായ തങ്കപ്പാണ്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇദ്ദേഹത്തെ ജി. വിളക്കുവിലുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് രണ്ട് ജയിൽ ഉദ്യോഗസ്ഥർക്കും ചെറിയ തോതിൽ പരിക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സയിലാണ്. ജയിൽ സുരക്ഷയിലെ വൻ വീഴ്ചയാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

സംഭവമറിഞ്ഞ് തേനി ജില്ല പൊലീസ് മേധാവി പ്രവീൺ ഗൗതം ജയിലിലെത്തി പരിശോധന നടത്തി. ഇതിന് പിന്നാലെ ദക്ഷിണ മേഖല ഐ.ജി വിജയേന്ദ്ര ബിദാരിയും ജയിലിലെത്തി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

രാത്രി 10.20ഓടെയാണ് തടവുകാർ രക്ഷപ്പെട്ടതെന്ന വിവരം ലഭിച്ചതെന്നും, ഇവരെ പിടികൂടാൻ 17 പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ച് തിരച്ചിൽ ഊർജിതമാക്കിയതായും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലുടനീളം സുരക്ഷാ സംഘങ്ങൾ വാഹന പരിശോധന കർശനമാക്കിയിരിക്കുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി അയൽ ജില്ലയായ ദിണ്ടിഗലിൽ 16 ഇടങ്ങളിൽ പുതിയതായി ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായി ദിണ്ടിഗൽ പൊലീസ് സൂപ്രണ്ട് എസ്. ജയകുമാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!