സര്‍ക്കാര്‍ ഭൂമിക്ക് വ്യാജ പട്ടയം നല്കിയ സംഭവം; അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍

മൂന്നാര്‍: മൂന്നാര്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമിക്ക് വ്യാജ പട്ടയം നല്കിയ സംഭവത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് വിശദ മായ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തിലുള്ള ഈ ടീമില്‍ സത്യസന്ധനായ ഒരു റവന്യു ഉദ്യോഗസ്ഥനെയും ഉള്‍പ്പെടുത്തണമെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.പ്രത്യേക സംഘത്തെ നിയമിക്കാന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി എ ഷാജി രണ്ടാഴ്ച്ച സമയമാണ് തേടിയിരിക്കുന്നത്.

അടുത്ത തവണ വിഷയം പരിഗണിക്കുമ്പോള്‍ ആരൊക്കെയാണ് സംഘത്തിലുണ്ടാകുന്നതെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. മൂന്നാര്‍ മേഖലയിലെ കൈയേറ്റത്തെക്കുറിച്ച് പഠിച്ച രാജന് മധേക്കറുടെ റിപ്പോര്‍ട്ടില്‍ കുറ്റക്കാരായ 19 റവന്യു ഉദ്യോഗസ്ഥരുടെ പേരുകള്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ എന്തെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.റവന്യു ഉദ്യോഗസ്ഥരടക്കം പ്രതിയായ വ്യാജ പട്ടയ കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കോടതി നിരവധി തവണ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.

നേരത്തേ കോടതി കേസില്‍ സി.ബി.ഐ.യെയും കക്ഷി ചേര്‍ത്തിരുന്നു. പട്ടയഭൂമി യില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അ ഹൈക്ക് നല്കുന്ന എന്‍.ഒ.സി. യഥാര്‍ഥമാണെന്ന് ഉറപ്പാക്കാന്‍ ക്യു. ആര്.കോഡ് അടക്കം ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു. മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണം എന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന സന്നദ്ധ സംഘടനയടക്കം ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മൂന്നാര്‍ മേഖലയില്‍ മുന്നൂറേക്കറിലധികം ഭൂമി കൈയേറിയിട്ടുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്ക്കെതിരേ ഗൂഢാലോചന പോലുള്ള ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തെളിവില്ലാത്തതിനാലാണ് ഉദ്യോഗംസ്ഥര്ക്കെതിരേ കര്‍ശനമായ നട പടി സ്വീകരിക്കാനാകാത്തതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.