ജൂഡോയിലെ മിന്നും താരങ്ങള്‍; ഇടുക്കിയുടെ അഭിമാനങ്ങള്‍ക്ക് തലചായ്ക്കാനൊരു വീട് വേണം

ഇത്തവണത്തെ സംസ്ഥാന സ്കൂൾ ഒളിംപിക്സ് ജൂഡോയിൽ മത്സരിച്ച് മെഡലുകൾ നേടി ഇടുക്കിയുടെ അഭിമാനമായി മാറിയ സഹോദരങ്ങളാണ് ഗോഡ്വിനും ഒലിവിയയും. 14 വർഷമായി മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം വാടകവീട്ടിൽ താമസിച്ചാണ് ഇരുവരും പരിശീലനം നടത്തുന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഇരുവർക്കും ഇനിയും ബാക്കിയാണ്.
പരിശ്രമത്തിലൂടെ നേടിയ മെഡലുകൾ ഗോഡ്വിനും ഒലിവിയയ്ക്കും മുന്നോട്ട് കുതിക്കാനുള്ള ഊർജ്ജമാണ്. ജൂഡോ 55 കിലോഗ്രാം വിഭാഗത്തിൽ ഗോഡ്വിന് സ്വർണം നേടിയപ്പോള്‍ വെങ്കലമായിരുന്നു ഒലിവിയ നേടിയത്. പക്ഷേ ഇവയൊന്ന് സൂക്ഷിച്ചുവയ്ക്കാൻ പോലും അടച്ചുറപ്പുള്ളൊരു വീടില്ല.
തമിഴ്നാട്ടിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ മികച്ച പരിശീലനം നൽകുന്നതിനായാണ് മക്കളെ നെടുങ്കണ്ടത്തേക്ക് അയച്ചത്. നിലവിലെ പരിമിതികൾ മാറി കുട്ടികൾക്ക് വാസയോഗ്യമായ വീട് ലഭിച്ചാൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനാകുമെന്നാണ് മാതാപിതാക്കളുടെയും വിശ്വാസം. സര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.



