Education and careerKeralaLatest NewsLocal news

സ്പെഷ്യല്‍ സ്‌കൂളുകള്‍ എയിഡഡ് ആക്കി മാറ്റുമെന്ന പ്രഖ്യാപനം ഇനിയും നടപ്പായില്ല

അടിമാലി: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന സ്പെഷ്യല്‍ സ്‌കൂളുകള്‍ എയിഡഡ് ആക്കി മാറ്റുമെന്ന പ്രഖ്യാപനം ഇനിയും ഫലം കണ്ടിട്ടില്ല. അടിമാലി മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂളടക്കം നിരവധിയായ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനത്തിനും സംരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലൊക്കെയും നിരവധിയായ ജീവനക്കാരും പ്രവര്‍ത്തിച്ചു പോരുന്നു.

ഭിന്നശേഷിക്കാരായ കുട്ടികളെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ സ്പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കണമെന്ന ആവശ്യം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. 100 കുട്ടികളില്‍ അധികം പഠനം നടത്തുന്ന സ്പെഷ്യല്‍ സ്‌കൂളുകളെ എയിഡഡ് ആക്കി തീര്‍ക്കുമെന്ന പ്രഖ്യാപനമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായത്. എന്നാല്‍ തുടര്‍നടപടികള്‍ പിന്നീട് ഉണ്ടായില്ലെന്ന് മച്ചിപ്ലാവ് കാര്‍മ്മല്‍ ജ്യോതി സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി പറയുന്നു.

സ്പെഷ്യല്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകരുടെ തുച്ഛശമ്പളമാണ് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നം. വലിയ തുക നല്‍കി അധ്യാപകരെ ജോലിക്ക് നിയമിക്കാന്‍ പല സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കും ശേഷിയില്ല. സ്‌കൂളുകള്‍ എയിഡഡായി ഉയര്‍ത്തിയാല്‍ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കും. അംഗീകാരത്തിനായി വര്‍ഷങ്ങല്‍ക്ക് മുമ്പ് സര്‍ക്കാര്‍ മുമ്പോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ മിക്ക സ്‌കൂളുകളും വലിയ തുക മുടക്കി അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചിരുന്നു.

എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടാകാതെ വന്നതോടെ ഇതിനായി ചിലവഴിച്ച തുക അധിക ബാധ്യതയായി മാറി. ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയില്‍ ചേര്‍ത്ത് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളെ എയിഡഡ് പദവിയിലേക്കുയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കണമെന്നാണ് ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!