
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കഞ്ഞിക്കുഴി ഡിവിഷനില്‍നിന്നു വിജയിച്ച സാന്ദ്രമോള്‍ ജിന്നി തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി ഡിസിസി ഓഫീസില്‍ പ്രസിഡന്റ് സി.പി. മാത്യുവിന്റെ അധ്യക്ഷതയില്‍ ചേർന്ന പാർലമെന്ററി യോഗമാണ് സാന്ദ്രാമോള്‍ ജിന്നിയെ പ്രസിഡന്റായി ഐകകണ്ഠ്യേന തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം 27ന് നടക്കും.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവും അവിവാഹിതയായ സാന്ദ്രാമോള്‍ (25). പാർട്ടി തീരുമാനമനുസരിച്ച് ആദ്യത്തെ രണ്ടു വർഷമാണ് സാന്ദ്രയുടെ പ്രസിഡന്റ് കാലാവധി. ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത് സാന്ദ്രയായിരുന്നു. ഭൂരിപക്ഷം 2,192 വോട്ടാണ്.
കട്ടപ്പന ഗവ. കോളജ് യൂണിയൻ വൈസ് ചെയർപേഴ്സണായി ജയിച്ചാണ് രാഷ്ട്രീയ പ്രവേശനം. ഗവ. കോളജിലെ പ്രിയദർശിനി പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിലൂടെ കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായി. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം സെക്രട്ടറിയാണ്. കട്ടപ്പന ഗവ. കോളജിലും തൊടുപുഴ ന്യൂമാൻ കോളജിലുമായി ഉപരിപഠനം നടത്തി. ചേലച്ചുവട് വടക്കേത്തലയ്ക്കല് ജിന്നി ദേവസ്യയുടെയും റീനയുടെയും മകളാണ്. അലീന, ആള്ബീന എന്നിവർ ഇളയ സഹോദരിമാരാണ്.



