അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന് ജന്മനാടായ ബാരാമതി വിടചൊല്ലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങ്. ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് ഒഴുകിയെത്തിയ പതിനായിര കണക്കിന് ജനങ്ങളെ സാക്ഷിയാക്കി അജിത്ത് പവാർ ഓർമയിലേക്ക് മറഞ്ഞു. രാവിലെ 7 മണിയോടെയാണ് ബാരാമതി മെഡിക്കൽ കോളേജിൽ നിന്ന് ഭൗതികദേഹം അജിത് പവാറിൻ്റെ വസതിയിലേക്ക് എത്തിച്ചത്.പിന്നീട് ബാരാമതിയിലെ ഓഡിറ്റോറിയത്തിലും പൊതുദർശനം നടത്തിയ ശേഷം വിലാപയാത്രയായി വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് എത്തിച്ചു. റോഡരികിൽ ആയിരക്കണക്കിന് ജനങ്ങളാണ് തടിച്ച് കൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് തുടങ്ങി സംസ്ഥാനത്തെയും ദേശീയ തലത്തിലെയും നേതാക്കളുടെ ഒരു നീണ്ട നിര അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.



