KeralaLatest NewsLocal news

ലേസര്‍ ഷോ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭീമാകാരമായ പ്രതലത്തെ ഒരു സ്‌ക്രീന്‍ ആക്കി മാറ്റി, രാത്രികാലങ്ങളില്‍ വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കാനൊരുങ്ങുന്ന ലേസര്‍ ഷോ ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക്   പുത്തനുണര്‍വ് നല്‍കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഇടുക്കി ഡി.ടി.പി.സി. പാര്‍ക്കില്‍ നടന്ന യോഗത്തില്‍ ലേസര്‍ ഷോ പദ്ധതിയുടെ ശിലാസ്ഥാപനകര്‍മം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇവിടുത്തെ പ്രദേശവാസികള്‍ക്ക് പദ്ധതി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചിട്ട്  50 വര്‍ഷം തികഞ്ഞു.  1970-ല്‍ ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന  ഇന്ദിരാഗാന്ധി ഇടുക്കി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ഓര്‍ക്കുന്നു. അര്‍ദ്ധ ശതാബ്ദി പിന്നിടുന്ന ഈ വേളയില്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ ആര്‍ച്ച് ഡാം എന്ന ഖ്യാതിയുള്ള ഇടുക്കി ഡാമിനെ പുതിയ വിനോദസഞ്ചാര അനുഭവമാക്കി മാറ്റുകയാണ്. ഇടുക്കി ആര്‍ച്ച് ഡാമിന്റെ പ്രതലത്തില്‍ ലേസര്‍ ഷോ ഒരുക്കുക എന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പേ  വിഭാവനം ചെയ്‌തൊരു സ്വപ്നമാണ്. സാങ്കേതികമായി നിരവധി വെല്ലുവിളികളും സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് ഇത് വൈകിപ്പോയത്. എങ്കിലും ഇപ്പോള്‍ എല്ലാ സാങ്കേതിക പഠനങ്ങളും പൂര്‍ത്തിയാക്കി നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലേസര്‍ ഷോ ഇന്ന് ശിലാസ്ഥാപന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നതിനു പിന്നില്‍ മന്ത്രി റോഷി അഗസ്റ്റിന്റെ നിരന്തരമായ പരിശ്രമങ്ങള്‍ ഉണ്ടെന്നും ഇടുക്കിയുടെ വിനോദ സഞ്ചാര വികസനത്തിനായി അദ്ദേഹം നടത്തുന്ന ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനും പദ്ധതിക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനും മന്ത്രി നടത്തിയ നിരന്തരമായ ശ്രമങ്ങള്‍ ഈ പദ്ധതിയുടെ വിജയത്തിന് നിദാനമാണെന്നും മന്ത്രിയുടെ ഈ ഏര്‍പ്പാടിനോട്  ഹൃദയപൂര്‍വ്വം അഭിനന്ദനം അറിയിക്കുന്നുവെന്നും വൈദ്യുതി വകുപ്പ് മന്ത്രി പറഞ്ഞു.

ഡാം ടൂറിസത്തിനപ്പുറം സാഹസിക ടൂറിസത്തിന്റെ അനന്ത സാധ്യതകളാണ് നമ്മുടെ ജില്ലയിലുള്ളതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഹൈഡല്‍ ടൂറിസവും അഡ്വഞ്ചര്‍ ടൂറിസവും സംയോജിപ്പിച്ചുകൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി ഇടുക്കിയെ മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഡാം പ്രതലത്തിലെ ലേസര്‍ ഷോ പദ്ധതി നമ്മുടെ നാടിന്റെ ടൂറിസം രംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ട് വരും. ഇന്ന് തന്നെ മറ്റു രണ്ട് പദ്ധതികള്‍ കൂടി  ഉദ്ഘാടനം ചെയ്യപ്പെടുന്നുണ്ട്. വടക്കേപ്പുഴ ടൂറിസം പദ്ധതിയും കുളമാവ് ഡാം മിനി പാര്‍ക്കും. ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് സമയം ചെലവഴിക്കാന്‍ കൂടുതല്‍ അവസരം ഒരുക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകും.

ലേസര്‍ ഷോ പുതിയൊരു ദൃശ്യവിരുന്ന് ആകും. പകല്‍സമയത്ത് ഇടുക്കിയുടെ പ്രകൃതിഭംഗി ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക്, വൈകുന്നേരങ്ങളില്‍ ഡാമിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ലേസര്‍ ഷോ ഒരു വേറിട്ട അനുഭവമായിരിക്കും. വെറുമൊരു വിനോദത്തിനപ്പുറം, ഇടുക്കി ഡാമിന്റെ ചരിത്രവും പ്രാധാന്യവും ഈ വിഷ്വല്‍ മീഡിയത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കാന്‍ നമുക്ക് സാധിക്കും. ഇടുക്കി ഡാമിനെ ലക്ഷ്യമാക്കി എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും, അവരെ ഈ മണ്ണില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ പ്രേരിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിന്റെ മനോഹാരിതയില്‍ അലിഞ്ഞുചേരുന്ന ഈ വെളിച്ച വിസ്മയം ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല. ഇതുവഴി ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, ടാക്സി സര്‍വീസുകള്‍ തുടങ്ങി സാധാരണക്കാരായ ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങളിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈഡല്‍ ടൂറിസം ഡയറക്ടര്‍ ഹര്‍ഷില്‍ ആര്‍.മീണ സ്വാഗതം പറഞ്ഞ യോഗത്തില്‍ ത്രിതല പഞ്ചായത്ത് അംഗങ്ങളായ പ്രഭ തങ്കച്ചന്‍, അമ്മിണി ജോസ്, നൗഷാദ് ടി. ഇ., രാജു ജോസഫ്, സിജി ചാക്കോ, രാഷ്ട്രീയ സാമൂഹ്യപ്രതിനിധികളായ സി.വി. വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, സാജന്‍ കുന്നേല്‍, ജോസ് കുഴികണ്ടം, ഔസപ്പച്ചന്‍ ഇടക്കുളം തുടങ്ങിയവര്‍ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!