പകർച്ചവ്യാധി പ്രതിരോധം : രാജകുമാരിയിൽ പ്രതിരോധ മരുന്ന് വിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു

രാജകുമാരി : പകർച്ചവ്യാധികളുടെ ഭീതിയിലായ രാജകുമാരി ഗ്രാമപഞ്ചായത്തിന് ആശ്വാസമേകി വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്. പ്രദേശത്ത് ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നാഷണൽ ആയുഷ് മിഷൻ ഹോമിയോപ്പതി വകുപ്പും വ്യാപാരി വ്യവസായി ഏകോപന സമിതിയും അടിയന്തര പ്രതിരോധ കോട്ട തീർത്തത്. ഇതിന്റെ ഭാഗമായി ടൗണിലെ വ്യാപാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി ആദ്യഘട്ട ഹോമിയോപ്പതി പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡെയിസി ജോയി പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
മരുന്ന് വിതരണത്തോടൊപ്പം തന്നെ ഡെങ്കിപ്പനിക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് വ്യാപാരികൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. രാജകുമാരി ആയുഷ് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ഗിരിജാകുമാരി ക്ലാസിന് നേതൃത്വം നൽകി.വ്യാപാരികളുടെ നേതൃത്വത്തിൽ രാജകുമാരി ടൗൺ പൂർണ്ണമായും ശുചീകരിച്ചു. കടകമ്പോളങ്ങളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്തും കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത ഉറപ്പാക്കിയുമായിരുന്നു ശുചീകരണ യജ്ഞം.
പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ , അധികൃതരും ജനങ്ങളും ഒന്നിച്ച് ഇറങ്ങിയാൽ അതിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് രാജകുമാരി തെളിയിക്കുന്നത്. വ്യാപാരികളുടെയും ആരോഗ്യവകുപ്പിന്റെയും കൂട്ടയാ പ്രവർത്തങ്ങൾ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനം.
ഗ്രാമപഞ്ചായത്ത് അംഗം ജിഷ ബിനു, ആരോഗ്യവകുപ്പ് ജീവനക്കാർ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂണിറ്റ് പ്രസിഡന്റ് റോയി വർഗ്ഗീസ്, സെക്രട്ടറി ജോഷി മുടനാട്ട്, ട്രഷറർ ഒ.എ. ജോൺ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



