CrimeKeralaLatest NewsLocal news

കൊന്നത്തടി പഞ്ചായത്തില്‍ ജനകീയസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

അടിമാലി: കൊന്നത്തടി കൊമ്പൊടിഞ്ഞാലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വീടിന് തീ പിടിച്ച് മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് കൊന്നത്തടി പഞ്ചായത്തില്‍ ജനകീയസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. അടിമാലി കൊമ്പൊടിഞ്ഞാലില്‍ 4 അംഗ കുടുംബം തീപിടുത്തത്തില്‍ മരിച്ച സംഭവമുണ്ടായി 9 മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ലെന്നാണ് ജനകീയ സമിതിയുടെ ആരോപണം.

കഴിഞ്ഞ മേയ് 9നാണ് തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവരെ വീടിനുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. നാലംഗ കുടുംബം വീടിന് തീ പിടിച്ച് മരിച്ച സംഭവത്തില്‍ നിഗൂഡതകള്‍ ഏറെയുണ്ടായിട്ടും ഈ നീഗൂഡത നീക്കാന്‍ അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്നാണ് ജനകീയ സമിതിയുടെ ആക്ഷേപം. സംഭവത്തില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ജനകീയ സമിതി ഇന്ന് ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുള്ളത്.

രാവിലെ 6 മുതല്‍ വൈകിട്ടാറുവരെയാണ് ഹര്‍ത്താലിനാഹ്വാനം ചെയ്തിട്ടുള്ളത്. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനോട് പഞ്ചായത്ത് പരിധിയിലെ ആളുകള്‍ സഹകരിക്കണമെന്ന് ജനകീയ സമിതി അഭ്യര്‍ത്ഥിച്ചു. ശിവസേനയുടെ പിന്തുണ ഹര്‍ത്താലിനുണ്ട്. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു.

പഞ്ചായത്ത് പരിധിയില്‍ കടകമ്പോളങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. 4 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തമുണ്ടായതെങ്ങനെ, ഒരു മൃതദേഹമൊഴികെ മറ്റ് മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി തന്നെ കത്തിചാമ്പലായതെങ്ങനെ തുടങ്ങി വിവിധ സംശയങ്ങള്‍ ജനകീയ സമിതി മുമ്പോട്ട് വയ്ക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!