
എഴുകുംവയൽ: ഇടുക്കി രൂപതയുടെ തീർത്ഥാടന കേന്ദ്രവും കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് തുടക്കമായി. വലിയ നോമ്പിലെ ആദ്യത്തെ വെള്ളിയാഴ്ച ആയ ഇന്നലെ നേരം പുലരുന്നതിനു മുൻപ് തന്നെ വിശ്വാസികൾ ക്രിസ്തുവിൻ്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചു കൊണ്ട് മലകയറി.
രാവിലെ 9: 30 ന് മലഅടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിച്ചു.
തുടർന്ന് കുരിശിൻറെ വഴിയുടെ 14 സ്ഥലങ്ങളും കടന്നു മലമുകളിൽ എത്തിയ വിശ്വാസികൾ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലിയിലും വചനപ്രഘോഷണത്തിലും നേർച്ച കഞ്ഞിയിലും പങ്കെടുത്തു. തിരുകർമ്മങ്ങൾക്ക് തൂക്കുപാലം സെന്റ് ആൻറണീസ് ദേവാലയ വികാരി ഫാദർ തോമസ് വലിയമംഗലം നേതൃത്വം നൽകി.
വലിയ നോമ്പിലെ എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുരിശുമല കയറുന്നതിനുള്ള വെളിച്ചവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ഞായറാഴ്ച ഒഴികെ വൈകുന്നേരം 7 മണിക്ക് കുരിശുമല ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കുമെന്ന് തീർഥാടക ദേവാല ഡയറക്ടർ ഫാദർ ജോസഫ് ചുനയൻ മാക്കൽ അസിസ്റ്റൻ്റ് വികാരി നിർമ്മൽ കളത്തിക്കാട്ടിൽ എന്നിവർ അറിയിച്ചു..



