ധീരജിനെ കൊലപ്പെടുത്തിയതിന്റെ പാപഭാരം CPIM കോൺഗ്രസിന്റെ തലയിൽകെട്ടിവെച്ചു’ ; വിവാദ പരാമർശവുമായി ഇടുക്കി മുൻ ഡിസിസി പ്രസിഡന്റ്

വിവാദ പരാമർശവുമായി ഇടുക്കി മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ്. ഇടുക്കി ഗവൺമെന്റ് എന്‍ജിനീയറിങ് കോളജിലെ SFI പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊന്നത് സിപിഐഎമ്മാണ്. എന്നിട്ട് അതിൻറെ പാപഭാരം മുഴുവൻ കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകന്മാരുടെ തലയിൽ കെട്ടിവെച്ചു. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളജിലെത്തിക്കുന്നതിനിടെ, വഴിയിൽ വെച്ച് എന്താണ് സംഭവിച്ചതെന്ന് CPIM പറയണം. കോൺഗ്രസുകാർക്ക് നേരെ ഏത് കൊടികുത്തിയവൻ വന്നാലും കൈയും കാലും തല്ലിയൊടിക്കുമെന്നും ജോയ് തോമസ് വെല്ലുവിളിച്ചു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ധീരജ് വധത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസിലാണ് വിവാദ പരാമർശം.
സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും നടന്ന് പട്ടി ഒരിയിടുന്ന പോലെ ബഹളം വെക്കുന്നു. ഇനിയെങ്കിലും സി വി വർഗീസ് നന്നാകുമെന്ന പ്രത്യാശ വേണ്ട. നാട്ടിൽ നല്ലപോലെ പ്രവർത്തിക്കാൻ തയ്യാറാകുന്ന ആളുകളെ പോലും അതിന് അനുവദിക്കുന്നില്ല. അഞ്ച് കൊല്ലം മന്ത്രിയായി കാറിൽ ഇരുന്നാൽ മാത്രം പോരാ. നാട് കൂടി നന്നാവണം. നാടിന് നന്മ ചെയ്യാത്ത ഒരു ജനപ്രതിനിധികളെയും ഇവിടെ ആവശ്യമില്ലെന്ന് നമ്മൾ തീരുമാനിക്കണം. ആളുകളെ വെട്ടികൊല്ലും കുത്തികൊല്ലുമെന്ന് പറയുന്ന എം എം മണിയ്ക്കും സി വി വർഗീസിനും എന്താ കൊമ്പുണ്ടോ? ഇവരൊക്കെ എന്താണ് ഇവിടെ ചെയ്യുന്നത് ഈ നാട്ടിലെ ജനങ്ങളുടെ മുഴുവൻ സമ്പത്തും കൊള്ളയടിക്കുന്ന പരിപാടിയുമായിട്ടല്ലേ ഇവർ ഇവിടെ നടക്കുന്നതെന്നും മുൻ ഡിസിസി പ്രസിഡന്റ് ജോയ് തോമസ് പറഞ്ഞു.



