KeralaLatest News

ക്ഷേമ പെൻഷൻ 3000 രൂപ, KSRTC ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര’; അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ടുവെച്ച് രാഹുല്‍ ഗാന്ധി

യുഡിഎഫിന്റെ പുതുയുഗ യാത്രയുടെ സമാപനവേദിയിൽ അഞ്ച് ഗ്യാരന്റികള്‍ മുന്നോട്ടുവെച്ച് രാഹുല്‍ ഗാന്ധി. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര, മാസം ആയിരം രൂപ കോളജിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നൽകും,ക്ഷേമ പെൻഷൻ 3000 രൂപയാക്കും , ഉമ്മൻചാണ്ടിയുടെ പേരിൽ കേരളത്തിന് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തും, ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് നൽകും, ചെറുപ്പക്കാർക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിതമായി നൽകും, പ്രായമുള്ളവർക്ക് പ്രത്യേക മന്ത്രാലയം തുടങ്ങും എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങൾ.

കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലെത്താൻ സഹായിച്ചുവെന്ന് നേത്യത്വം തന്നെ വിലയിരുത്തുന്ന ചില ഗ്യാരണ്ടികളാണ് പുതുയുഗ യാത്രയുടെ സമാപനവേദിയിൽ രാഹുൽഗാന്ധി പ്രഖ്യാപിച്ചിട്ടുള്ളത്. യുവജനങ്ങളുടെയും വനിതകളുടെയും വൃദ്ധരുടെയും വോട്ടുകൾ ലക്ഷ്യം വെച്ചുള്ള ഗ്യാരണ്ടികളാണിത്. ക്ഷേമ പെൻഷൻ 2500 രൂപയാക്കി ഉയർത്തുമെന്ന് എൽഡിഎഫ് പ്രഖ്യാപിച്ചിരുന്നു എന്നാൽ അതുണ്ടായില്ലെന്നും വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും പുതുയുഗ യാത്രയിലുടനീളം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നു . അതിനിടെയാണ് യുഡിഎഫിന്റെ പുതിയ പ്രഖ്യാപനം.

അതേസമയം, സമാപനവേദിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെയും രാഹുൽഗാന്ധി വിമർശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപ് നിയന്ത്രിക്കുന്നതുപോലെയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും ശത്രുക്കളല്ല, സിജെപിയാണെന്നും രാഹുല്‍ ആരോപിച്ചു.

ട്രംപ് മോദിയെ നിയന്ത്രിക്കുന്നത് പോലെ മോദി കേരളത്തിന്റെ മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. എന്തുകൊണ്ടാണ് ഇഡിയും സിബിഐയും കേരള മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കാത്തത്. 36 കേസാണ് എനിക്കെതിരെയുള്ളത്. 55 മണിക്കൂര്‍ എന്നെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഇഡി മുഖ്യമന്ത്രിക്കും ഇഡിക്കുമെതിരെ അനങ്ങാത്തത്. ഒറ്റക്കാരണമേയുള്ളു. അവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ സിജെപിയാണ്. അവര്‍ പങ്കാളികളാണെന്ന് എല്ലാവര്‍ക്കുമറിയാം അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!