നാടിന്റെ വികസന കുതിപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം ശ്രദ്ധേയം: മന്ത്രി റോഷി അഗസ്റ്റിന്

നാടിന്റെ വികസന കുതിപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം വളരെ ശ്രദ്ധേയമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കുട്ടിക്കാനം മരിയന്‍ കോളേജില്‍ സംഘടിപ്പിക്കുന്ന’വിമന്‍ എംപവര്‍മെന്റ് കോണ്‍ഗ്രസ്-2026’ഉം പുതുതായി തിരഞ്ഞെടുത്ത സി. ഡി.എസ് അധ്യക്ഷമാരുടെ സംസ്ഥാനതല സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വളരെയധികം മുന്നേറി. കേരളം സ്ത്രീപക്ഷ ചിന്തകളോട് ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്.
ഓരോ വകുപ്പും സ്ത്രീശാക്തീകരണത്തിന് ഉതകുന്ന പദ്ധതികള്‍ക്ക് ഊന്നല്‍ നല്കി. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. നിര്‍ഭയ പദ്ധതിയിലൂടെയും പിങ്ക് പോലീസിന്റെ സേവനങ്ങളിലൂടെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിഞ്ഞു. 30 മുതല്‍ 60 വയസുവരെയുള്ള സ്ത്രീകള്‍ക്ക് 1000 രൂപ വീതം നല്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ടമായി 10 ലക്ഷം പേര്‍ക്ക് അവരുടെ അക്കൗണ്ടില്‍ തുക നല്കി.
3520 കോടി രൂപ പദ്ധതിക്കായി മാറ്റിവച്ചു. തുല്യനീതി, സാമൂഹ്യനീതി എന്നിവ ഉറപ്പുവരുത്തി. കേരളത്തിലുള്ള സംരംഭകരില്‍ കാല്‍ലക്ഷത്തോളം സംരംഭകര്‍ സ്ത്രീകളാണ്. നമ്മുടെ സമൂഹത്തില്‍ എല്ലാ മേഖലകളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി. കുടുംബശ്രീ എ.ഡി.എസുകള്‍ക്ക് 1000 രൂപ വീതം ഗ്രാന്റ് നല്കി. ലോകമെമ്പാടും മാതൃകയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞുവെന്നും നാടിന്റെ വളര്‍ച്ചയില്‍ മുഖ്യഹേതുവാകാന് സ്ത്രീകള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ദേശീയ ക്രിക്കറ്റ് താരം സജ്ന സജീവന്, എഴുത്തുകാരിയും ജെ. സി ഡാനിയേല്‍ അവാര്‍ഡ് ജേതാവുമായ അല്ലി പാത്തുമ്മ, ചലചിത്ര താരം ഗ്രേസ് ആന്റണി എന്നിവരെ ആദരിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെയും ചടങ്ങില്‍ ആദരിച്ചു. വനിതാദിന പ്രൊമോഷന് ഗാനവും കവിതാ സമാഹാരമായ സമവായനയുടെ പ്രകാശനവും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ദേവികുളം സബ് കളക്ടര്‍ ആര്യ വി.എം നിര്‍വഹിച്ചു. ‘മികച്ച നേതൃത്വത്തിലൂടെ സാമൂഹ്യമാറ്റത്തിലേക്ക്’ എന്ന വിഷയത്തില്‍ മോട്ടിവേഷണല്‍ സ്പീക്കറും മെന്റലിസ്റ്റും റേഡിയോ ജോക്കിയും അധ്യാപകനുമായ ശരത് ടി.ആര് ക്ളാസ് നയിച്ചു.
വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശാന്തി രമേശ്, ശാന്തി ഹരിദാസ്, ശാലുമോള് സാബു, റെജിമോള്‍ ഷിബി, റൂബി ജോസഫ് ജില്ലാപഞ്ചായത്ത് അംഗം മിനി സാബു, അഴുത ബ്ളോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരസമിതി ചെയര്‍പേഴ്സണ്‍ നിക്സണ് ജോര്‍ജ്ജ്, പീരുമേട് കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷ സബീന മുഹമ്മദ്,ഇടുക്കി ജില്ലാ മിഷന് കോഡിനേറ്റര്‍ മണികണ്ഠന്, കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര്‍ പ്രദീപ് കുമാര്‍, കുട്ടിക്കാനം മരിയന്‍ കോളേജ് മാനേജര്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍,വൈസ് പ്രിന്‍സിപ്പല്‍ ഡോ. ലൂമി ജോസഫ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന് മാത്യു എന്നിവര്‍ സംസാരിച്ചു.



