കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് വീണ്ടും കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസാരംഭിച്ചു

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിലെ കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് വീണ്ടും കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസാരംഭിച്ചു. ഇന്നുച്ചക്ക് രണ്ട് മണിക്ക് അടിമാലിയില്‍ നിന്നും കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസ് കുറത്തിക്കുടി ഉന്നതിയിലേക്ക് പുറപ്പെട്ടു. കുറത്തിയിലെത്തിയ ശേഷം അന്ന് തന്നെ ബസ് തിരികെ അടിമാലിക്ക് വരും വിധമാണ് ആദ്യ ബസ് സര്‍വ്വീസിന്റെ സമയം ക്രമീകരിച്ചിട്ടുള്ളത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ഉന്നതിയിലേക്ക് ആദ്യമായി ഒരു കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നടത്തിയത്. എന്നാല്‍ ശനിയാഴ്ച്ച ബസ് എത്തിയില്ല. വെള്ളിയാഴ്ച്ച നടന്നത് ട്രയല്‍ റണ്ണെന്നായിരുന്നു കെ ആര്‍ ടി സിയുടെ വിശദീകരണം. എന്നാല്‍ വനംവകുപ്പിന്റെ തടസ്സവാദമാണ് ബസെത്താത്തതിന് കാരണമെന്ന് ചൂണ്ടികാട്ടി ഉന്നതി നിവാസികള്‍ രംഗത്തെത്തി.
വിഷയത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് ഉന്നതിയിലേക്ക് വീണ്ടും കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് പുനരാരംഭിച്ചത്. മുതുവാന്‍ സമുദായക്കാരായ നിരവധി കുടുംബങ്ങള്‍ കുറത്തിക്കുടിയില്‍ താമസിച്ച് വരുന്നുണ്ട്. അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഭാഗമെങ്കിലും മാങ്കുളം ടൗണുമായിട്ടാണ് കുറത്തിക്കുടിയിലെ കുടുംബങ്ങള്‍ ദൈന്യം ദിന ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നത്. മുമ്പ് കുറത്തിക്കുടി ഉന്നതിയിലേക്ക് യാത്രാ യോഗ്യമായ റോഡ് ഉണ്ടായിരുന്നില്ല.
എന്നാല്‍ മാങ്കുളം ജലവൈദ്യുതി പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പെരുമ്പന്‍കുത്ത് മുതല്‍ ആദിവാസി ഉന്നതിയുടെ തൊട്ടരികില്‍ വരെയിപ്പോള്‍ യാത്രായോഗ്യമായ റോഡ് നിര്‍മ്മിച്ച് കഴിഞ്ഞു. ഇതോടെയാണ് കുറത്തികുടിയിലേക്കും കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് സാധ്യമായത്.



