KeralaLatest NewsLocal news

ശക്തമായ മഴ; അതീവ ജാഗ്രത പാലിക്കണം; ഇടുക്കിയിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം

ഇടുക്കി : ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. അത്യാവശ്യ ആവശ്യങ്ങള്‍ ഒഴികെ ഇടുക്കിയിലേക്കുള്ള യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണം. നിലവില്‍ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനവും ഒഴിവാക്കുകയും വേണം.

ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നല്‍കുന്ന ഔദ്യോഗിക നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. ദുരന്ത പ്രതികരണ മാര്‍ഗരേഖയിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത സാധ്യതാ മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ അധികൃതരുടെ നിര്‍ദേശം പാലിക്കണം.

ജില്ലയിലെ ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിംഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പടെയുള്ള എല്ലാ ജലവിനോദങ്ങളും ദുരന്ത സാധ്യതാ മേഖലകളിലെ എല്ലാവിധ വിനോദ സഞ്ചാരങ്ങളും അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതു വരെ പിന്‍വലിച്ചു. ട്രക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളും നിര്‍ത്തിവെച്ചു. റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതു വരെ മലയോര മേഖലയില്‍ വൈകിട്ട് 7 മണി മുതല്‍ രാവിലെ 6 മണി വരെ യാത്ര നിരോധിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴികെയുള്ള എല്ലാ ഖനന പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്. ക്രെയിനുകള്‍, മണ്ണുമാന്തി ഉള്‍പ്പടെയുള്ള യന്ത്രങ്ങള്‍ സജ്ജമാണെന്ന് ഉറപ്പാക്കാന്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. തോട്ടം മേഖലയില്‍ അപകട സാധ്യത കണക്കിലെടുത്ത് എസ്റ്റേറ്റ് ഉടമകള്‍ ജാഗ്രത പുലര്‍ത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!