
ഇടുക്കി: വിപണിയിൽ റെക്കോർഡ് വില പിന്നിട്ടതോടെ ഇടുക്കിയിലെ മലയോരമേഖലകളിൽ ഏലം മോഷണം വ്യാപകമാവുന്നു. ശാന്തന്‍ പാറയിലെ ഏസ്റ്റേറ്റ് പൂപ്പാറ മേഖലകളിലാണ് മോഷണം വ്യാപകമായത്. രാത്രിയിൽ ഏലച്ചെടിയുടെ ശരം ഉൾപ്പെടെ വെട്ടിമാറ്റിക്കൊണ്ടുപോകുന്നു. ഇതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർ നേരിടുന്നത്. വിളഞ്ഞുനിൽക്കുന്ന ഏലച്ചെടികൾ അപ്പാടെ മുറിച്ചുമാറ്റിയാണ് മോഷണം. തോട്ടങ്ങളിൽ കാവലിരുന്നിട്ടും അക്രമത്തിന് മാറ്റമില്ലാത്തത് കർഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
നിലവിൽ 3000ലധികം രൂപയാണ് ഏലത്തിന് വിപണിയിൽ ലഭിക്കുന്നത്. വിളവെടുപ്പിന് പാകമായ ഏലവിത്തുകൾക്ക് പുറമേ ചെടിയോടെ വെട്ടിക്കൊണ്ടുപോകുന്നത് അങ്ങേയറ്റം ദുഷ്കരമാണ്. വിളവ് നഷ്ടപ്പെടുന്നതിന് പുറമേ അടുത്ത വർഷത്തെ ഉത്പാദനത്തെയും ഇത് ബാധിക്കുന്നു. അതേ സമയം ജൂലൈ മാസം പകുതിയോടെ ലഭിച്ച തുടർച്ചയായ മഴ ഇടുക്കിയിലെ ഏലം കർഷകർക്ക് ഏറെ ആശ്വാസമേകിയിരുന്നു. മഴക്കുറവ് നേരത്തേ വെല്ലുവിളി സൃഷ്ടിച്ചിരുന്നെങ്കിലും ജൂൺ, ജൂലൈ മാസങ്ങളിൽ മഴകുറഞ്ഞത് വലിയ രീതിയിൽ ഏലച്ചെടികളെ ബാധിച്ചു.
19-20 ഡിഗ്രിയിൽ താപനില ഉണ്ടാവേണ്ട തോട്ടങ്ങളിൽ മഴ കുറഞ്ഞതോടെ 24 ഡിഗ്രി ചൂടായിരുന്നു നിലനിന്നത്. എന്നാൽ പിന്നാലെയെത്തിയ തുടർച്ചയായ മഴ പ്രതിസന്ധികൾക്ക് പരിഹാരമായി. കാലവർഷം ശക്തിപ്പെട്ടതോടെ ഓണക്കാലത്ത് കൂടുതൽ കായ വിളവെടുക്കാമെന്നായിരുന്നു കർഷകരുടെ പ്രതീക്ഷ. എന്നാൽ ഇപ്പോൾ കർഷകർ ദുരിതത്തിലായിരിക്കുകയാണ്. കട്ടപ്പന, നെടുങ്കണ്ടം പ്രദേശങ്ങളിലെ ഏലം ഉത്പാദന കേന്ദ്രങ്ങളിൽ വ്യാപകമായ മഴ ലഭിച്ചിരുന്നു.



