
പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പുതിയ കരട് വിജ്ഞാപനം ഇടുക്കിയിൽ വീണ്ടും ആശങ്ക ഉയർത്തുന്നു. ജില്ലയിലെ 51 വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയായി ഉൾപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. ജനവാസ മേഖലകളും തോട്ടങ്ങളും ഒഴിവാക്കി 23 വില്ലേജുകളിലെ വനഭൂമി മാത്രം പരിസ്ഥിതി ലോല മേഖലയായി പരിഗണിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം തള്ളിയാണ് കേന്ദ്രം 51 വില്ലേജുകൾ കരട് പട്ടികയിൽ ഉൾപ്പെടുത്തിയത്.
വിജ്ഞാപനം അന്തിമമായാൽ ക്വാറികൾ, ഖനനം, റെഡ് കാറ്റഗറി വ്യവസായങ്ങൾ, വലിയ നിർമ്മാണ പദ്ധതികൾ എന്നിവയ്ക്ക് വിലക്കോ കർശന നിയന്ത്രണങ്ങളോ നിലവിൽ വരും. ഇതോടെ റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും ഏലം, തേയില, കാപ്പി തുടങ്ങിയ കാർഷിക മേഖലകളും പ്രതിസന്ധിയിലാകുമെന്നാണ് ആശങ്ക.
കേരളത്തിന്റെ നിർദേശങ്ങൾ പരിഗണിക്കാതെയാണ് ഏഴാം തവണയും കരട് വിജ്ഞാപനം പുറത്തിറക്കിയതെന്ന് ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് 60 ദിവസത്തിനകം സംസ്ഥാനത്തിന് കേന്ദ്ര സർക്കാരിനെ അറിയിക്കാമെങ്കിലും കേരളം ആവശ്യപ്പെട്ട പ്രധാന ഭേദഗതികൾ ഉൾപ്പെടുത്തപ്പെടാൻ സാധ്യത കുറവാണെന്ന വിലയിരുത്തലാണ് ഉയരുന്നത്.



