BusinessKeralaLatest News

വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍

അടിമാലി: വിലയിടിവില്‍ നട്ടം തിരിഞ്ഞ് ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍. ഹൈറേഞ്ചിലെ വലിയൊരു വിഭാഗം കര്‍ഷകരുടെ വരുമാന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഏത്തവാഴ കൃഷി. എന്നാല്‍ വിലയിടിവ് മൂലം ഹൈറേഞ്ചിലെ ഏത്തവാഴ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. നിലവില്‍ ഇരുപതിനും താഴെയാണ് പലയിടങ്ങളിലും ഏത്തക്കായ്ക്ക് ലഭിക്കുന്ന വിപണി വില.

പോയ വര്‍ഷം ഈ സമയം 30ന് മുകളില്‍ ഏത്തക്കായ്ക്ക് വിലയുണ്ടായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. അമ്പതിന് മുകളില്‍ ഏത്തക്കായ്ക്ക് വില ഉയര്‍ന്ന കാലവുമുണ്ട്. പരിപാലന ചിലവാണ് വാഴ കര്‍ഷകരെ വലക്കുന്നത്. വിത്ത്, വളം, പരിപാലനത്തിനായുള്ള പണിക്കൂലി തുടങ്ങി ചിലവാകെ കൂട്ടിയാല്‍ അമ്പതിന് മുകളിലെങ്കിലും വില ലഭിക്കാതെ ഏത്തവാഴ കൃഷി മുമ്പോട്ട് കൊണ്ടു പോകാനാകില്ലെന്ന് ഏത്തവാഴ കര്‍ഷകര്‍ പറയുന്നു.

ഭൂമി പാട്ടത്തിനെടുത്താണ് പല  കര്‍ഷകരും ഏത്തവാഴ കൃഷി നടത്തുന്നത്.കൃഷി നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതോടെ കര്‍ഷകര്‍ കടക്കെണിയിലമരുന്നു. വളത്തിനടക്കം വലിയ തോതില്‍ വില ഉയര്‍ന്നിട്ടുള്ള സാഹചര്യവുമുണ്ട്. നഷ്ടം താങ്ങാനാകാതെ പല കര്‍ഷകരും ഏത്തവാഴ കൃഷി ഉപേക്ഷിച്ച് കഴിഞ്ഞു. ഈ മേഖലയില്‍ ശേഷിക്കുന്ന കര്‍ഷകരെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്റെയും കൃഷിവകുപ്പിന്റെയും ഫലപ്രദമായ ഇടപെടല്‍ വേണമെന്ന ആവശ്യവും ഏത്തവാഴ കര്‍ഷകര്‍ മുമ്പോട്ട് വയ്ക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!