ദേവികുളം നിയമസഭ മണ്ഡലത്തിന്റെ കഴിഞ്ഞകാല നിയമസഭ തിരഞ്ഞെടുപ്പ് ചിത്രമെന്ത്?

മൂന്നാര്‍: 1957ല്‍ രൂപീകൃതമായ മണ്ഡലമാണ് ദേവികുളം. 2021ലെ കണക്ക് പ്രകാരം ഒരുലക്ഷത്തി അറുപത്തൊമ്പതിനായിരത്തിലധികം വോട്ടര്‍മാര്‍ ദേവികുളം മണ്ഡലത്തിലുണ്ട്. തോട്ടം, ആദിവാസി, കാര്‍ഷിക മേഖലകള്‍ ചേരുന്ന ദേവികുളം നിലവില്‍ പട്ടികജാതി സംവരണ മണ്ഡലമാണ്. 1957ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍, ദേവികുളം നിയമസഭാമണ്ഡലം ഒരു ദ്വയാംഗ മണ്ഡലമായിരുന്നു. ഇടമലക്കുടിയടക്കം 12 പഞ്ചായത്തുകള്‍ ദേവികുളം നിയോജക മണ്ഡലത്തിന്റെ പരിധിയില്‍ വരും.
1957ല്‍ സി പി ഐ പ്രതിനിധിയായി റോസമ്മ പുന്നൂസ് നിയമസഭയിലെത്തി.എന്നാല്‍ തിരഞ്ഞെടുപ്പ് കേസിനെ തുടര്‍ന്ന് ഇലക്ഷന്‍ ട്രിബ്യൂണല്‍ 1957 നവംബര്‍ 14ന് ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കി. തുടര്‍ന്ന് 1958 മെയ് 16ന് ഉപതിരഞ്ഞെടുപ്പ് നടന്നു. ഉപതിരഞ്ഞെടുപ്പിലൂടെ വീണ്ടും വിജയിച്ച റോസമ്മ പുന്നൂസ് 1958 ജൂണ്‍ 30ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കേസും ആദ്യത്തെ ഉപതിരഞ്ഞെടുപ്പുമായിരുന്നു ഇത്.കോണ്‍ഗ്രസിലെ എന്‍ ഗണപതിയും 1957 കാലയളവില്‍ ദേവികുളത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.മണ്ഡല രൂപീകരണത്തിന് ശേഷം എല്‍ഡിഎഫും യുഡിഎഫും മാറി മാറി കൈവശം വച്ച മണ്ഡലമാണ് ദേവികുളം.
1987ല്‍ സിപിഎമ്മില്‍ നിന്നുള്ള സുന്ദരമാണിക്യം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.1991ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വീണ്ടും ദേവികുളം തിരിച്ചു പിടിച്ചു. കോണ്‍ഗ്രസില്‍ നിന്നുള്ള എ കെ മണിയായിരുന്നു എംഎല്‍എ. പിന്നീട് 96ലും 2001ലും നടന്ന തിരഞ്ഞെടുപ്പുകളില്‍ എ കെ മണിയിലൂടെ ദേവികുളം യുഡിഎഫ് നിലനിര്‍ത്തി. തുടര്‍ച്ചയായി ഒന്നരപതിറ്റാണ്ട് കാലം മണ്ഡലം യുഡിഎഫ് കൈവശം വച്ചു. എന്നാല്‍ 2006ല്‍ മണ്ഡലം ഇടത്തോട്ട് ചാഞ്ഞു.
എ കെ മണിക്കെതിരെ എസ് രാജേന്ദ്രനെ സിപിഎം പുതുമുഖ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുകയും മണ്ഡലം പിടിച്ചെടുക്കുകയും ചെയ്തു. 2006 മുതല്‍ 2026 വരെ മണ്ഡലം ഇടത്തോട്ട് ചാഞ്ഞ് തന്നെ നില്‍ക്കുകയാണ് .2011ലും 2016ലും എസ് രാജേന്ദ്രനിലൂടെയായിരുന്നു എല്‍ഡിഎഫ് മണ്ഡലം നിലനിര്‍ത്തിയതെങ്കില്‍ 2021ല്‍ എല്‍ഡിഎഫ് എ രാജയെ പുതുമുഖ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചായിരുന്നു വിജയതുടര്‍ച്ച കണ്ടത്. മണ്ഡല രൂപീകരണ ശേഷം എല്‍ഡിഎഫും യുഡിഎഫുമായിരുന്നു മണ്ഡലം മാറി മാറി കൈവശം വച്ചതെങ്കില്‍ ബി ജെ പിയും എന്‍ഡിഎയും മണ്ഡലത്തില്‍ വേരോട്ടം വര്‍ധിപ്പിച്ചിട്ടുള്ള സാഹചര്യം നിലവില്‍ ഉണ്ട്.
2006ലും 11ലും 16ലും എല്‍ഡിഎഫിനൊപ്പം നിന്ന എസ് രാജേന്ദ്രനിപ്പോള്‍ എന്‍ഡിഎ പക്ഷത്തുമാണ്.എല്‍ഡിഎഫ് അഡ്വ. എ രാജക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കിയപ്പോള്‍ എഫ് രാജയെ കളത്തിലിറക്കിയാണ് യുഡിഎഫ് ഇത്തവണ പോരാട്ടത്തിന് കളമൊരുക്കിയിട്ടുള്ളത്



