വോട്ടര്‍ പട്ടിക സമഗ്രപരിക്ഷ്ക്കരണം; നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 83998 വോട്ടര്‍മാരുടെ കുറവ്

അടിമാലി: വോട്ടര്‍ പട്ടിക സമഗ്ര പരിക്ഷ്ക്കരണത്തിന് ശേഷം നടക്കുന്ന ആദ്യ നിയമ സഭ തിരഞ്ഞെടുപ്പാണ് സംസ്ഥാനത്ത് ഇത്തവണത്തേത്. എന്നാല്‍ ഈ നിയമ സഭ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 2021ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 83998 വോട്ടര്‍മാരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. 2021ലെ നിയമ സഭ തിരഞ്ഞെടുപ്പില്‍ 889425 വോട്ടര്‍മാരാണ് പട്ടികയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 805427 വോട്ടര്‍മാരായി കുറഞ്ഞു.ദേവികുളം മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ കുറഞ്ഞത്.
ദേവികുളത്ത് മാത്രം 27135 വോട്ടര്‍മാര്‍ പട്ടികയില്‍ നിന്നും പുറത്തായി. തൊടുപുഴയിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍ പുറത്തായത്. 2869 വോട്ടര്‍മാര്‍ മാത്രമാണ് തൊടുപുഴയില്‍ വോട്ടര്‍ പട്ടികക്ക് പുറത്തായത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ 892313 വോട്ടര്‍മാരാണ് ജില്ലയിലെ 5 മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 86886 വോട്ടര്‍മാരാണ് നിലവില്‍ പട്ടികയില്‍ കുറവുള്ളത്. ദേവികുളം മണ്ഡലത്തില്‍ ഇത്തവണ 142265 വോട്ടര്‍മാരാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. 2021ല്‍ അത് 169400 ആയിരുന്നു.
2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 166746ആയിരുന്നു. ഇത്തവണ ഇടുക്കിയിലെ എല്ലാ നിയോജമണ്ഡലങ്ങളിലും കടുത്തമത്സരത്തിനാണ് കളമൊരുങ്ങിയിട്ടുള്ളത്. ദേവികുളത്താകട്ടെ കടുത്ത ത്രികോണ മത്സരവും പ്രവചിക്കപ്പെടുന്നു. വോട്ടര്‍ പട്ടിക സമഗ്രപരിക്ഷ്ക്കരണത്തിലൂടെ കാല്‍ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായത് മണ്ഡലത്തില്‍ മുന്നണികളുടെ വിജയ സാധ്യതയെ പ്രവചനാതീതമാക്കുമെന്നതില് സംശയമില്ല.



