അടിമാലി മണ്ണിടിച്ചിൽ :അകപ്പെട്ട ദുരിതബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ആരംഭിച്ചു.

അടിമാലി : മണ്ണിടിച്ചിലിൽ വീടുകൾ പൂർണമായും നഷ്ടപ്പെട്ട 9 കുടുംബങ്ങൾക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ 90 ലക്ഷവും ദുരിന്തത്തിൽ ഉൾപ്പെട്ട 27 കുടുംബങ്ങൾക്ക് പാത്രങ്ങളും വസ്ത്രങ്ങളും വാങ്ങുന്നതിന് 2,70,000 രൂപയും വാടക വീടുകളിൽ കഴിയുന്ന 17 കുടുംബങ്ങളുടെ മൂന്നുമാസത്തെ വാടക കുടിശ്ശിക 5,80,500 രൂപയുമാണ് ദേവുകളും തഹസിൽദാർ വഴി ദുരിതബാധിതർക്ക് കൈമാറുക. വീടുകൾ പൂർണമായും നഷ്ടപ്പെട്ട ഒൻപത് കുടുംബങ്ങളിൽ രണ്ടു കുടുംബക്കാർ ധനസഹായം വേണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
ശേഷിക്കുന്ന ഏഴു കുടുംബങ്ങളിൽ അഞ്ചുപേർ മാത്രമാണ് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി ഇവരുടെ ലക്ഷംവീട് നഗറിൽ ഉണ്ടായിരുന്ന ഭൂമി സർക്കാരിന് വിട്ടുകൊടുത്തുള്ള സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകിയത്. രണ്ടുപേർ സമ്മതപത്രം നൽകിയിട്ടില്ല. വീടുകൾ പൂർണമായി നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കുകയാണെങ്കിൽ പ്രസ്തുത തുക ഇൻഷുറൻസ് കമ്പനിയിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തിരിച്ചടക്കണം. 10 ലക്ഷത്തിൽ കൂടുതൽ ലഭിച്ചാൽ ബാക്കി തുക കുടുംബങ്ങൾക്ക് ലഭ്യമാക്കും.
10 ലക്ഷത്തിൽ താഴെയാണ് ഇൻഷുറൻസ് തുക എങ്കിൽ എൻഎച്ച്എഐ കരാറുകാരിൽ നിന്നും തുക ഈടാക്കുമെന്ന നിബന്ധനയാണ് സർക്കാർ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 27 കുടുംബങ്ങൾക്കുള്ള 10000 രൂപയുടെ ധനസഹായവും ബാങ്ക് അക്കൗണ്ട് വഴി നൽകിത്തുടങ്ങി. ഇതിനിടെ പുനരധിവാസം ആവശ്യപ്പെട്ട് 17 കുടുംബങ്ങൾ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടത്തിവരുന്ന സമരം തുടരുകയാണ് . പുനരധിവാസത്തിന് നടപടി സ്വീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ.



