
അടിമാലി: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. മൂന്നാഴ്ച്ചയോളം നീണ്ട മുന്നണികളുടെ വാശിയേറിയ പ്രചാരണത്തിനാണ് വിരാമമായത്. പരസ്യ പ്രചാരണത്തിന് വിരാമമിട്ടുള്ള കൊട്ടിക്കലാശം ദേവികുളം മണ്ഡലത്തിലും മുന്നണികളുടെ ശക്തി പ്രകടനമായി മാറി. വാദ്യമേളങ്ങളും പാട്ടും നൃത്തവും മുദ്രാവാക്യം വിളികളുമായി മുന്നണി പ്രവര്‍ത്തകരും നേതാക്കളും കൊട്ടിക്കലാശത്തില്‍ കളം നിറഞ്ഞതോടെ ആവേശം വാനോളമായി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എ രാജ മൂന്നാറിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി എഫ് രാജ അടിമാലിയിലും കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. എന്‍ ഡി എ സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ മറയൂര്‍ മേഖലയിലടക്കം ഇന്ന് പര്യടനം നടത്തി. അടിമാലിയില്‍ സെന്റര്‍ ജംഗ്ഷനായിരുന്നു മുന്നണി പ്രവര്‍ത്തകര്‍ കൊട്ടിക്കലാശ വേദിയാക്കി മാറ്റിയത്. എല്‍ഡിഎഫ്്, യുഡിഎഫ്്, എന്‍ഡിഎ പ്രവര്‍ത്തകര്‍ ജംഗ്ഷന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിച്ച് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകള്‍ ആഘോഷത്തിന്റേതാക്കി മാറ്റി.ആവേശം അതിരുവിടാതിരിക്കാനും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും പോലീസ് ജാഗ്രത പുലര്‍ത്തി.
മൂന്നാറിലും മുന്നണി പ്രവര്‍ത്തകരുടെ കൊട്ടികലാശം ഉച്ചസ്ഥായിലായി.നിരവധി പ്രവര്‍ത്തകര്‍ കൊട്ടികലാശത്തില്‍ പങ്കെടുത്തു. മണ്ഡലത്തിന്റെ മറ്റിടങ്ങളിലും എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ ഡി എ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊട്ടികലാശം നടന്നു. ത്രികോണ മത്സര പ്രതീതിയുള്ള മണ്ഡലത്തില്‍ മൂന്നാഴ്ച്ചയോളം മുന്നണികള്‍ നാടിളക്കിയുള്ള പ്രചാരണമാണ് നടത്തിയത്. പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസവും പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ഓട്ടത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പ്രചാരണവേളയിലെ മേല്‍ക്കൈ ആര്‍ക്കൊപ്പമെന്നറിയാന്‍ വിധി നിര്‍ണ്ണയ ദിനം വരെ കാത്തിരിക്കാം.



