KeralaLatest NewsLocal news

അപകട ഭീക്ഷണിയിലായിരുന്ന സേനാപതി ഇല്ലിപ്പാലത്തിന് ഒടുവിൽ ശാപമോക്ഷമാകുന്നു…

രാജാക്കാട്: രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇല്ലിപ്പാലം ഈ മഴക്കാലത്തെ അതിജീവിക്കുമോ എന്ന ആശങ്കയിലായിരുന്നു പ്രദേശവാസികൾ. റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിച്ചിട്ടും, കാലപ്പഴക്കം ചെന്ന പാലം പുനർനിർമ്മിക്കാത്തതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ, നാട്ടുകാരുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് ഒടുവിൽ പരിഹാരമാകുന്നു. പാലം പുനർനിർമ്മിക്കുന്നതിനായി പുതിയ ബഡ്ജറ്റിൽ തുക വകയിരുത്തിയതായും, ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു അറിയിച്ചു.

കുടിയേറ്റ കാലത്ത് രാജകുമാരി, സേനാപതി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് പന്നിയാർ പുഴക്ക് കുറുകെ നിർമ്മിച്ചതാണ് ഇല്ലിപ്പാലം. പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ പാലം ഇന്ന് അതീവ അപകടാവസ്ഥയിലാണ്. ഇരുപഞ്ചായത്തുകളിലെയും ജനങ്ങൾക്ക് ഉടുമ്പൻചോല താലൂക്ക് ആസ്ഥാനത്തേക്ക് എത്തിച്ചേരാനുള്ള എളുപ്പമാർഗ്ഗമാണ് മുരിക്കുംതൊട്ടി- വട്ടപ്പാറ-മേലെചെമ്മണ്ണാർ -ഉടുമ്പൻചോല റോഡ്. ഈ പാതയിലെ പ്രധാന പാലമാണിത്.

2022-23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 10 കോടി രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരുന്നു. ഇതോടെ വലിയ ഭാരവാഹനങ്ങളുടെ കടന്നുവരവും വർദ്ധിച്ചു. എന്നാൽ റോഡ് വികസിച്ചപ്പോഴും, ഈ പഴയ പാലം മാത്രം പുനർനിർമ്മിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല.റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർന്നതോടെ ഈ ഇടുങ്ങിയ പാലം വലിയൊരു യാത്രാത്തടസ്സമായി മാറിയിരുന്നു. 2022-ൽ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തി 2.37 കോടിയുടെ പദ്ധതി സമർപ്പിച്ചെങ്കിലും ഫണ്ട് അനുവദിക്കുന്നത് നീണ്ടുപോയി. എന്നാൽ നാട്ടുകാരുടെ നിരന്തരമായ ആവശ്യങ്ങൾക്കും ആശങ്കകൾക്കും ഒടുവിൽ ശാശ്വത പരിഹാരമാകുകയാണ്.ഒപ്പം കുളപ്പാരച്ചാലിൽ നിന്ന് പാലത്തിലേക്ക് വരുന്ന അപ്രോച്ച് റോഡും ഇതിനോടൊപ്പം പൂർത്തീകരിക്കാനുള്ള നടപടികളും ആരംഭിച്ചു

ബഡ്ജറ്റിൽ തുക അനുവദിച്ചതോടെ വരും ദിവസങ്ങളിൽ തന്നെ പാലത്തിന്റെ ടെൻഡർ നടപടികളിലേക്ക് പൊതുമരാമത്ത് വകുപ്പ് കടക്കും. പുതിയ പാലവും ഒപ്പം കുളപ്പാറചാലിൽ നിന്നുള്ള അപ്രോച്ച് റോഡും യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയിലെ ജനങ്ങളുടെ വർഷങ്ങളായുള്ള യാത്രാക്ലേശത്തിനാണ് പരിഹാരമാകുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!