
മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തണമെന്നാവശ്യം .ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ സ്ഥിരമായി ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. മദപ്പാട് കാലയളവിന് ശേഷവും കാട്ടുകൊമ്പന്‍ ജനവാസ മേഖലയിലൂടെ തന്നെ ചുറ്റിത്തിരിയുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്ന സ്ഥിതിയുണ്ട്.
കഴിഞ്ഞ ദിവസം പകല്‍ നല്ലതണ്ണി റോഡിലെ ആറുമുറി ലയത്തില്‍ എത്തിയ കാട്ടാന വീടിന് സമീപം സ്ഥാപിച്ചിരുന്ന ജലസംഭരണി തകര്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്തു. പ്രദേശത്ത് കാട്ടാന കൃഷിനാശവും വരുത്തി. മുന്‍കാലങ്ങളില്‍ വ്യത്യസ്തമായി ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടുകൊമ്പന്‍ വ്യാപക നാശം വരുത്തുന്ന സ്ഥിതിയുണ്ട്. കൃഷി വിളകള്‍ നശിപ്പിക്കുന്നതിനൊപ്പം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കും കാട്ടാന കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.
ജനവാസ മേഖലയില്‍ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമായതോടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കാട്ടാന ഇടക്കിടെ ഗതാഗത തടസ്സവും തീര്‍ക്കുന്നു. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവമായിരുന്നു പടയപ്പക്കെങ്കില്‍ ഇപ്പോള്‍ കാട്ടാന ഇടക്കിടെ ആക്രമണ സ്വഭാവം പുറത്തെടുക്കുന്ന സ്ഥിതിയുമുണ്ട്.
കാട്ടാനയുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ആനക്ക് മുമ്പില്‍ പെടുമോയെന്ന ആശങ്കയോടെയാണ് ആളുകള്‍ യാത്ര ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.



