KeralaLatest NewsLocal news

പ്രചാരണവും വോട്ടെടുപ്പും പൂര്‍ത്തിയായി; ദേവികുളം മണ്ഡലത്തിലും മുന്നണികള്‍ വിജയ പ്രതീക്ഷയില്‍

അടിമാലി: വോട്ടിംഗ് മെഷ്യനുകള്‍ സ്‌ട്രോംഗ് റൂമില്‍ വിശ്രമത്തിലായതോടെ ദേവികുളം മണ്ഡലത്തിലും മുന്നണികള്‍ കൂട്ടിയും കിഴിച്ചും ലഭിക്കാന്‍ ഇടയുള്ള വോട്ട് കണക്ക് പരിശോധിക്കുന്ന തിരക്കിലാണ്. ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെന്ന പോലെ ദേവികുളത്തും ഇത്തവണ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. 77.86 ശതമാനമായിരുന്നു ദേവികുളം മണ്ഡലത്തില്‍ ഇത്തവണത്തെ പോളിംഗ്. സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിലടക്കം കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതല്‍ വോട്ടര്‍മാര്‍ ഇത്തവണ പോളിംഗ് കേന്ദ്രങ്ങളിലേക്കെത്തി.

ഉയര്‍ന്ന പോളിംഗില്‍ മൂന്ന് മുന്നണികളും മണ്ഡലത്തില്‍ ഒരേ പോലെ വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നുണ്ട്. ഇത്തവണ ത്രികോണ പോര് നടന്ന സംസ്ഥാനത്തെ മണ്ഡലങ്ങളില്‍ ഒന്നാണ് ദേവികുളം. അഡ്വ. എ രാജ എല്‍ഡിഎഫിനായും എഫ് രാജ യുഡിഎഫിനായും എസ് രാജേന്ദ്രന്‍ എന്‍ഡിഎക്കായും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി. മുന്നണി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം മൂന്ന് സ്ഥാനാര്‍ത്ഥികളും വിജയപ്രതീക്ഷ വച്ച് പുലര്‍ത്തുന്നു.

ഭൂവിഷയമടക്കം മണ്ഡലത്തില്‍ ഭരണവിരുദ്ധവികാരമുണ്ടായിട്ടുണ്ടെന്നും അത് വോട്ടായി മാറിയിട്ടുണ്ടെന്നുമാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. എസ് രാജേന്ദ്രന്‍ എഫക്റ്റ് എല്‍ഡിഎഫിന് തിരിച്ചടിയാകുമെന്നും യുഡിഎഫ് പ്രതീക്ഷ വച്ച് പുലര്‍ത്തുന്നു. എസ് രാജേന്ദ്രനിലൂടെയും കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ നിരത്തിയുള്ള പ്രചാരണത്തിലൂടെയും വോട്ടെടുപ്പില്‍ മേല്‍ക്കൈ ലഭിച്ചിട്ടുണ്ടാകാമെന്ന് എന്‍ഡിഎ ക്യാമ്പ് കണക്ക് കൂട്ടുന്നു. മണ്ഡലത്തില്‍ സര്‍ക്കാര്‍ വിരുദ്ധവികാരമുണ്ടായിട്ടുണ്ടെന്നും എന്‍ഡിഎ നേതൃത്വം പ്രതീക്ഷിക്കുന്നു.

എന്നാല്‍ എം എല്‍എയുടെയും സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ നിരത്തിയുള്ള പ്രചാരണത്തിലൂടെ വിജയം സുനിശ്ചിതമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ. നാല് തവണയായി ഒപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ കാര്യമായി ഭരണവിരുദ്ധവികാരമില്ലെന്നും എല്‍ഡിഎഫ് കണക്ക് കൂട്ടുന്നു. അഞ്ചാമതും മണ്ഡലം എല്‍ഡിഎഫ് നിലനിര്‍ത്തുമോ, അതോ രണ്ട് പതിറ്റാണ്ടിനിപ്പുറം മണ്ഡലം യുഡിഎഫ് തിരികെ പിടിക്കുമോ, അതുമല്ല മണ്ഡലത്തില്‍ എന്‍ഡിഎ കന്നി വിജയം കാണുമോയെന്നറിയാന്‍ വിധിനിര്‍ണ്ണയ ദിനം വരെ കാത്തിരിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!