
അടിമാലി: വേനൽ കനത്തതും പകൽ സമയത്തെ ഉയർന്ന ചൂടും ഹൈറേഞ്ചിൻ്റെ കാർഷിക മേഖലക്ക് വലിയ തിരിച്ചടി സമ്മാനിക്കുകയാണ്. വേനൽ കനക്കുന്നത് വളരെ ആശങ്കയോടെയാണ് കർഷകർ നോക്കി കാണുന്നത്. കഴിഞ്ഞ മാസവും ഈ മാസവുമായി ഏതാനും ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചുവെങ്കിലും കാർഷിക മേഖലയുടെ മുമ്പോട്ട് പോക്കിന് ഈ മഴ പര്യാപ്തമായിട്ടില്ലെന്ന് കർഷകർ പറയുന്നു. പകൽ സമയത്തെ ഉയർന്ന അന്തരീക്ഷ താപനിലയാണ് കർഷകരെ വലക്കുന്നത്.മഴ പെയ്താലും മറ്റ് മാർഗ്ഗങ്ങളിലൂടെ കൃഷിക്ക് നന നൽകിയാലും മണ്ണ് വളരെ പെട്ടന്ന് വരണ്ടുണങ്ങുന്നത് കാർഷിക മേഖലക്ക് വെല്ലുവിളിയാകുന്നു.
കൃഷിയിടങ്ങളിൽ നിന്ന് ജലാംശവും ഈർപ്പവും വളരെ പെട്ടന്ന് നഷ്ടമാകുന്ന സ്ഥിതിയുണ്ട്. കൃത്യമായി ജല ലഭ്യത വേണ്ടുന്ന ഏലമടക്കമുള്ള കൃഷികളെയാണ് കടുത്ത വേനൽ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. വെള്ളത്തിൻ്റെ ലഭ്യത തീരെയില്ലാത്ത ഇടങ്ങളിൽ കർഷകരുടെ ഏലം കൃഷി കരിഞ്ഞ് തുടങ്ങിയിട്ടുണ്ട്. 2024 ലെ വരൾച്ചക്ക് സമാന സാഹചര്യത്തിലേക്ക് വേനൽ നീങ്ങുമോയെന്ന ആശങ്കയും കർഷകർ പങ്ക് വയ്ക്കുന്നു. പകൽ ചൂടും വേനലും ഉച്ചസ്ഥായിലായതോടെ ജലശ്രോതസുകളിൽ നിന്നുള്ള ജല ലഭ്യത കുറഞ്ഞതും കാർഷിക മേഖലയെ പരുങ്ങലിലാക്കുന്നു.
2026 ൽ മഴ കുറയുമെന്ന റിപ്പോർട്ടുകളും കാർഷിക മേഖലക്ക് ആശങ്ക പകരുന്നതാണ്. വേനൽ മഴക്കൊപ്പം കാലവർഷം കൂടി ദുർബലമായാൽ കാർഷിക മേഖലയിൽ വലിയ ഉണക്ക് സംഭവിക്കും. ഇപ്പോഴത്തെ സ്ഥിതിയിൽ അധികനാൾ മുന്നോട്ട് പോകാനാവില്ലെന്നും ഹൈറേഞ്ചിലെ കർഷകർ പറയുന്നു.



