കുറത്തിയിക്കുടിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസ് നിലക്കുമോയെന്നാശങ്ക

അടിമാലി: കുറത്തിക്കുടി ആദിവാസി ഉന്നതിയിലേക്ക് നടന്ന് വരുന്ന കെ എസ് ആര്‍ ടി സി ബസ് സര്‍വ്വീസിന് വനംവകുപ്പിന്റെ ഇടപെടല്‍ തടസ്സമാകുമോയെന്ന ആശങ്ക. ഒരു മാസം മുമ്പായിരുന്നു ആദിവാസി ഉന്നതിയായ കുറത്തിക്കുടിയിലേക്ക് കെ എസ് ആര്‍ ടി സിയുടെ ബസ് സര്‍വ്വീസാരംഭിച്ചത്. ഉച്ചക്ക് രണ്ടിന് അടിമാലിയില്‍ നിന്നും പുറപ്പെട്ട് ഉന്നതിയില്‍ എത്തി തിരികെ അടിമാലിക്ക് വരും വിധമാണ് സര്‍വ്വീസ് നടന്ന് വരുന്നത്. കല്ലാര്‍, മാങ്കുളം വഴി നടക്കുന്ന ബസ് സര്‍വ്വീസ് ഉന്നതിയിലെ കുടുംബങ്ങള്‍ക്ക് സഹായകരമായിട്ടുണ്ട്.
എന്നാല്‍ നടന്ന് വരുന്ന സര്‍വ്വീസുമായി ബന്ധപ്പെട്ടുള്ള വനംവകുപ്പിന്റെ ഇടപെടല്‍ ഈ സര്‍വ്വീസ് നിലച്ച് പോകുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്. പെരുമ്പന്‍കുത്തില്‍ നിന്നും കുറത്തിക്കുടിയിലേക്ക് നടന്നു വരുന്ന ബസ് സര്‍വ്വീസ് വനംവകുപ്പ് നിയമകുരുക്കിലാക്കിയ സാഹചര്യത്തിലാണ് ബസ് സര്‍വ്വീസിന്റെ തുടര്‍നടത്തിപ്പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിട്ടുള്ളത്. സര്‍വ്വീസ് നിലക്കുന്ന നിലയിലേക്ക് വനംവകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന ആവശ്യം ഉന്നതി നിവാസികളും മറ്റ് സമീപവാസികളും മുമ്പോട്ട് വയ്ക്കുന്നു.ബസ് സര്‍വ്വീസാരംഭിച്ച ആദ്യഘട്ടത്തില്‍ വനംവകുപ്പ് തടസ്സവാദം ഉന്നയിക്കുകയും സര്‍വ്വീസാരംഭിച്ച ശേഷം ഏതാനും ദിവസം ബസ് ഉന്നതിയിലേക്കെത്താതിരിക്കുകയും ചെയ്തിരുന്നു.
ഇതില്‍ പ്രതിഷേധം കനത്തതോടെ സര്‍വ്വീസ് പുനരാരംഭിച്ചു. വനംവകുപ്പിന്റെ ഇടപെടലിലൂടെ സര്‍വ്വീസ് വീണ്ടും നിലച്ചാല്‍ വീണ്ടും ജനകീയ പ്രതിഷേധം ഉയര്‍ന്നേക്കുമെന്നാണ് വിവരം. സര്‍വ്വീസ് തുടര്‍ന്ന് പോകാനുള്ള ഇടപെടല്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും ആവശ്യമുയരുന്നു.



