വേനലിലും വറ്റാതെ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം;മാങ്കുളത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക്
അടിമാലി: മധ്യവേനലവധി ആഘോഷങ്ങള്‍ക്കായി മാങ്കുളത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം. വനത്തിലൂടെ ഒഴുകിയെത്തി പാറക്കെട്ടുകളില്‍ നിന്നും താഴേക്ക് പതിക്കുന്ന മുപ്പത്തിമൂന്ന് വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും മധ്യ വേനലവധി ആരംഭിച്ചതോടെ സഞ്ചാരികളുടെ തിരക്കാണ്. പ്രായഭേതമന്യേ എല്ലാവര്ക്കും വെള്ളച്ചാട്ടത്തില്‍ കുളിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും സൗകര്യമുണ്ടെന്നതാണ് ഈ ജലപാതത്തിന്റെ പ്രത്യേകത.
കാട്ടുചോലയായി തെളിഞ്ഞൊഴുകുന്ന വെള്ളത്തിന് നട്ടുച്ച നേരത്തും കോരിത്തരിക്കുന്ന തണുപ്പുണ്ട്.വേനലെത്ര കടുത്താലും മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം ഒഴുകി കൊണ്ടേ ഇരിക്കും. ആനക്കുളത്ത് കാട്ടാനകളെ കാണാനെത്തുന്ന സഞ്ചാരികള്‍ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടവും കണ്ട് മടങ്ങാറാണ് പതിവ്. ഓഫ് റോഡ് യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായി മാങ്കുളത്തു നിന്നും ആനക്കുളത്തു നിന്നുമെല്ലം വെള്ളച്ചാട്ടത്തിലേക്ക് ജീപ്പിലുള്ള യാത്രക്കും സൗകര്യമുണ്ട്. ഗ്രാമീണതയുടെ ഭംഗിക്കും വനത്തിന്റെ പച്ചപ്പിനുമിടയില്‍ മുപ്പത്തിമൂന്ന് വെള്ളച്ചാട്ടം തീര്‍ക്കുന്ന മനോഹാരിത സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്നു.



