ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമതി
അടിമാലി: അടിമാലി മേഖലയില്‍ പാചക വാതക വിതരണം നടത്തുന്ന ഗ്യാസ് ഏജന്‍സികള്‍ക്കെതിരെ പരാതിയുമായി അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമതി രംഗത്ത്. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന വിവിധ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പാചക വാതക സിലിണ്ടറുകള്‍ ലഭിക്കുന്നില്ലെന്നാണ് ഗുണഭോക്താക്കളുടെ പരാതി. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പാചക വാതക സിലിണ്ടറുകള്‍ ലഭിക്കുന്നില്ലെന്നാണ് ഗ്യാസ് ഏജന്‍സികള്‍ ഇത് സംബന്ധിച്ച് പറയുന്നത്്.
എന്നാല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ ലഭിക്കുന്നതില്‍ കുറവ് വന്നട്ടില്ലെന്ന് ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കുന്നുവെന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുദ്ധം മറയാക്കി ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് ഗ്യാസ് ഏജന്‍സികള്‍ സ്വീകരിച്ച് വരുന്നതെന്ന് അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഗ്യാസ് ഏജന്‍സികളുടെ ഇത്തരം പ്രവണതക്കെതിരെ നടപടി എടുക്കണമെന്ന് ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലായെന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആരോപിക്കുന്നു.
ഗ്യാസ് ഏജന്‍സികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതായും വിഷയത്തില്‍ പ്രശ്നപരിഹാരമുണ്ടാകാത്ത പക്ഷം ജില്ലാ സപ്ലൈ ഓഫീസില്‍ സത്യാഗ്രസമരത്തിന് രൂപം നല്‍കുമെന്നും അടിമാലി ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനന് നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാക്സിന് ആന്റണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി ഭായ്, രാജമ്മ രാധാകൃഷ്ണന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാചക വാതക ക്ഷാമത്തിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടി അവസാനിപ്പിച്ച് യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടു.



