KeralaLatest NewsLocal news

നിതിന്‍ രാജിന്റെ മരണം; ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താല്‍ ആദ്യ മണിക്കൂറുകളില്‍ അടിമാലി മേഖലയില്‍ ഭാഗീകം

അടിമാലി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സംസ്ഥാന ഹര്‍ത്താലിന് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുള്ളത്. 52 ദളിത് സംഘടനകളുടെ സഹകരണത്തോടെയാണ് ഹര്‍ത്താല്‍ നടക്കുന്നത്. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ അടിമാലി മേഖലയില്‍ ഹര്‍ത്താല്‍ ഭാഗീകമാണ്. സ്വകാര്യ ബസുകളും കെ എസ് ആര്‍ ടി സി ബസുകളും മറ്റിതര സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.

ഓട്ടോ ടാക്‌സി വാഹനങ്ങളും സര്‍വ്വീസ് നടത്തി. അടിമാലി ടൗണില്‍ ദേശിയപാതയില്‍ ഹര്‍ത്താലനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തടഞ്ഞിട്ട വാഹനങ്ങള്‍ അല്‍പ്പ സമയത്തിന് ശേഷം കടന്നു പോകാന്‍ ഹര്‍ത്താലനുകൂലികള്‍ സമ്മതിച്ചു. നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ദളിത് സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. അടിമാലി മേഖലയില്‍ കടകമ്പോളങ്ങള്‍ ഭാഗീകമായി തുറന്നു പ്രവര്‍ത്തിച്ചു.

ഗ്രാമീണ മേഖലകളെ ഹര്‍ത്താല്‍ ബാധിച്ചില്ല. തോട്ടം മേഖലകളില്‍ തൊഴിലാളികള്‍ പണിക്കിറങ്ങി. മൂന്നാറിന്റെ ടൂറിസം മേഖലയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. ജനജീവിതം സാധരണ നിലയില്‍ നടന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചു. അടിമാലി, മൂന്നാര്‍ മേഖലകളില്‍ ഹര്‍ത്താല്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ഓഫീസുകളില്‍ ജീവനക്കാര്‍ ഹാജരായി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് എവിടെയും അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിന്‍ രാജിന്റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കുക, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിന്റെ അഫിലിയേഷന്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഹര്‍ത്താലിലൂടെ ദളിത് സംഘടനങ്ങള്‍ മുമ്പോട്ട് വയ്ക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!