കുറത്തിക്കുടിയിലേക്ക് ആരംഭിച്ച കെ എസ് ആര്‍ ടി സിയുടെ ബസ് സര്‍വ്വീസ് നിലച്ചു; മറ്റൊരു സര്‍വ്വീസ് ഉന്നതിയിലേക്ക് ആരംഭിച്ചേക്കും

അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന പ്രദേശമാണ് ആദിവാസി ഉന്നതിയായ കുറത്തിക്കുടി. ഏറെ നാളത്തെ ആവശ്യങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമൊടുവിലായിരുന്നു ഒരു മാസം മുമ്പ് അടിമാലിയില്‍ നിന്നും കല്ലാര്‍ മാങ്കുളം വഴി കുറത്തിക്കുടിയിലേക്ക് കെ എസ് ആര്‍ ടി സിയുടെ ബസ് സര്‍വ്വീസാരംഭിച്ചത്. സര്‍വ്വീസാരംഭിച്ചത് മുതല്‍ വനംവകുപ്പിന്റെ തടസ്സവാദമുള്‍പ്പെടെ പ്രതിസന്ധിക്ക് നടുവിലൂടെയായിരുന്നു കുറത്തിക്കുടിയിലേക്ക് ആനവണ്ടി ഓടിയെത്തിയത്.
ഉച്ചക്ക് ശേഷം രണ്ടിന് അടിമാലിയില്‍ നിന്നും പുറപ്പെട്ട് ഉന്നതിയിലെത്തി തിരികെ പോരും വിധം ക്രമീകരിച്ചിരുന്ന ബസ് സര്‍വ്വീസാണ് കെ എസ് ആര്‍ ടി സി അവസാനിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബസ് ഉന്നതിയിലേക്കെത്തിയിട്ടില്ല. ബസ് സര്‍വ്വീസാരംഭിച്ച ഘട്ടത്തില്‍ വനംവകുപ്പുയര്‍ത്തിയ പ്രതിസന്ധി ജനപ്രതിനിധികളുടെയും മറ്റും ഇടപെടലിലൂടെ മറികടന്നായിരുന്നു തുടര്‍ന്ന് പോന്നിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് കുറത്തിക്കുടിയിലേക്ക് ബസ് സര്‍വ്വീസനുവദിച്ച കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത വനംവകുപ്പിന്റെ നടപടി സംബന്ധിച്ച വിവരങ്ങളും പുറത്തു വന്നിരുന്നു.
വീണ്ടും ജനകീയ പ്രതിഷേധമുയരുന്ന സാഹചര്യമുണ്ടായതോടെ വനംവകുപ്പ് ബസ് സര്‍വ്വീസുമായുള്ള വിഷയത്തില്‍ മയപ്പെടുന്നതായുള്ള വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ കെ എസ് ആര്‍ ടി സി കുറത്തിയിലേക്കുള്ള സര്‍വ്വീസ് അവസാനിപ്പിച്ചിട്ടുള്ളത്. ഉച്ചക്ക് ശേഷമുള്ള സര്‍വ്വീസായതിനാല്‍ വരുമാന കുറവെന്നും രാവിലെ ഉന്നതിയില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് തിരിച്ചെത്തും വിധം മറ്റൊരു സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടി കെ എസ് ആര്‍ ടി സി സ്വീകരിച്ചേക്കുമെന്നുമാണ് വിവരം. ഈ വിധം ഒരു സര്‍വ്വീസാരംഭിക്കണമെന്നുള്ള ആവശ്യം ഉന്നതി നിവാസികളും മുമ്പ് മുമ്പോട്ട് വച്ചിരുന്നു



