
അടിമാലി: ഏലക്കാ വില കുതിച്ചുയരുമ്പോഴും കര്‍ഷകര്‍ നിരാശയില്‍. മികച്ച വിലയാണ് ഈ വര്‍ഷം ഏലക്കാക്ക് ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കടുത്ത വേനല്‍ മൂലവും ഫംഗസ് ബാധമൂലവും 40 ശതമാനത്തോളം ഏലം കൃഷി നശിച്ചിരുന്നു. ഇതാണ് ഏലക്കാക്ക് വില വര്‍ധിക്കാന്‍ കാരണമായത്. ഏലക്കായുടെ ഉത്പാദനക്കുറവും വര്‍ധിച്ച ഡിമാന്‍ഡുമാണ് വിലവര്‍ധനവിന്റെ മറ്റൊരു കാരണം.
കഴിഞ്ഞ ബുധനാഴ്ച്ച നടന്ന ഏലക്കാ ലേലത്തില്‍ ഈ സീസണിലെ കൂടിയ വിലയാണ് രേഖപ്പെടുത്തിയത്. ആര്‍എന്‍എസ് സ്പൈസസില്‍ നടന്ന ലേലത്തില്‍ 6,024 രൂപയായിരുന്നു ഉയര്‍ന്ന വില. ശരാശരി വില 2,675 രൂപയും രേഖപ്പെടുത്തി. ഇന്നലെ ഇടുക്കി മഹിളാ കാര്‍ഡമം പ്രൊഡ്യൂസര്‍ കമ്പനിയില്‍ നടന്ന ലേലത്തില്‍ കൂടിയ വില 3,385 രൂപയും ശരാശരി വില 2,702ഉം ആയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച സൗത്ത് ഇന്ത്യന്‍ ഗ്രീന്‍ കാര്‍ഡമം കമ്പനിയില്‍ നടന്ന ലേലത്തില്‍ കൂടിയ വില 3,271 ഉം ശരാശരി വില 2,725 ഉം അന്നു തന്നെ കാര്‍ഡമം ഗ്രോവേഴ്സ് ഫോര്എവറില് നടന്ന ലേലത്തില്‍ 3,272 രൂപ കൂടിയ വിലയും 2,600 ശരാശരി വിലയും രേഖപ്പെടുത്തി. എന്നാല്‍ ചെറുകിട കര്‍ഷകര്‍ കൂടുതലായും വ്യാപാര സ്ഥാപ നങ്ങളിലാണ് ഏലക്കാ വില്‍ക്കുന്നത്. ലേല കേന്ദ്രത്തിലെ ശരാശരി വിലയേക്കാള്‍ 200 ഉം 300 ഉം രൂപ കുറച്ചാണ് വ്യാപാരികള്‍ കര്‍ഷകരില്‍ നിന്നും ഏലക്കാ വാങ്ങുന്നത്.
വ്യാപാരികള്‍ യഥാ സമയം പണം നല്‍കുന്നില്ലെന്നും കര്‍ഷകര്‍ക്ക് ആക്ഷേപമുണ്ട്. ഏലം വില വര്‍ധിച്ചതോടെ മരുന്നുകളുടെയും കീടനാശിനികളുടെയും കാര്‍ഷിക അനുബന്ധ ഉപകരണങ്ങളുടെയും വിലയിലും വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. ഉത്പാദനക്കുറവും ഈ വര്‍ഷത്തെ കടുത്ത വേനലും കര്‍ഷകരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏലം വില വര്‍ധിച്ചെങ്കിലും ഇതിന്റെ പ്രയോജനം സാധാരണ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.



