KeralaLatest NewsLocal news

കാലവര്‍ഷ മുന്നൊരുക്കം: പ്രാദേശിക ദുരന്ത പ്രതിരോധ പദ്ധതി തയാറാക്കും: അപകടകരമായ മരത്തിന്റെ ചില്ലകള്‍ മുറിക്കണം;സ്‌കൂളുകളുടെ ഫിറ്റ്‌നെസ് ഉറപ്പാക്കണം



കാലവര്‍ഷ മുന്നൊരുക്കം, മഴക്കാല പൂര്‍വ ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ദുരന്ത പ്രതിരോധ – മുന്നൊരുക്ക പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും നിലവിലെ സംവിധാനങ്ങള്‍ അവലോകനം ചെയ്യുന്നതിനുമായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ കണക്കിലെടുത്ത് പ്രാദേശിക ദുരന്ത പ്രതിരോധ പദ്ധതി തയാറാക്കാന്‍ തീരുമാനം. പ്രാദേശികമായുണ്ടാകുന്ന കാലവര്‍ഷക്കെടുതികളുടെ വിവരങ്ങള്‍ ഉടന്‍ തന്നെ താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലും ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സിലും എത്തുന്ന വിധത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. വിവരശേഖരണം അനായാസം ഏകോപിപ്പിച്ചാല്‍ മാത്രമേ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്താനാകൂ എന്ന് കളക്ടര്‍ പറഞ്ഞു.

ഈ വര്‍ഷം മണ്‍സൂണ്‍ നേരത്തേ എത്താന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ മുന്നൊരുക്കപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. താലൂക്ക് തലത്തിലുള്ള ഇന്‍സിഡന്‍സ് റെസ്‌പോണ്‍സ് ടീം പൂര്‍ണ്ണ സജ്ജമാണെന്ന് ഉറപ്പാക്കണം. പുഴ പുറമ്പോക്കുകള്‍ കൈയേറി നിര്‍മ്മിച്ചിട്ടുള്ള അനധികൃത കെട്ടിടങ്ങളുടെ വിവരം ശേഖരിക്കാനും കൈയേറ്റമൊഴിപ്പിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

കാലവര്‍ഷം മുന്നില്‍ക്കണ്ട് പോലീസ് പ്രത്യേക കര്‍മ്മ പദ്ധതി തയാറാക്കിയതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഇമ്മാനുവല്‍ പോള്‍ അറിയിച്ചു. റവന്യൂ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കും. ദുരന്ത സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിന് ഹിറ്റാച്ചി, ജെസിബി തുടങ്ങിയവയുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളും സജ്ജമാണ്. കെ. എസ്. ഇ. ബി, ഫയര്‍ഫോഴ്‌സ് തുടങ്ങിയ വകുപ്പുകളുടെ സഹകരണവും ഉറപ്പാക്കും.

ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും സ്‌കൂള്‍ വാഹനങ്ങളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ പരിശോധന ഉടന്‍ പൂര്‍ത്തീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കണം.

ജില്ലയില്‍ വലുതും ചെറുതുമായ ഡാമുകള്‍ ഉള്ളതിനാല്‍ പ്രളയസമാന സാഹചര്യം തടയാന്‍ ഡാമുകള്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൊതുജനങ്ങളെ അറിയിക്കാന്‍ നിര്‍ദേശം നല്‍കി.

റോഡുകളുടെ വശങ്ങളില്‍ അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങളും ചില്ലകളും ഉടന്‍ മുറിച്ചുമാറ്റണം.  
വിവിധ ബ്ലോക്കുകളിലെ ഉന്നതികളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് വനംവകുപ്പ് നടപടി സ്വീകരിക്കും.

പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണികളുള്ള പ്രദേശങ്ങളെപ്പറ്റി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ വിവരങ്ങള്‍ ശേഖരിക്കും. ആവശ്യമായ ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ കാര്യക്ഷമത ഉറപ്പുവരുത്താനും കളക്ടര്‍ നിര്‍ദേശിച്ചു.  

മറ്റ് ജില്ലകളില്‍ നിന്ന് സ്‌കൂബാ ഡൈവേഴ്‌സിനെയും സന്നദ്ധ വോളിന്റയര്‍മാരെ കണ്ടെത്താനും യുവ ആപ്ത മിത്ര ആപ്പുവഴി എന്‍. സി സി, സ്‌കൗട്ട് തുടങ്ങിയവയില്‍ നിന്ന് പ്രായോഗിക പരിജ്ഞാനമുള്ള സ്‌കൂബാ ഡൈവേഴ്‌സിനെ തിരഞ്ഞെടുക്കുമെന്നും ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ആരോഗ്യവകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. ജീവന്‍രക്ഷാ മരുന്നുകളുടെ ശേഖരം ഉറപ്പാക്കി. റാപ്പിഡ് റെസ്പോണ്‍സ് ടീം സജ്ജമാണ്. അടിയന്തര സാഹചര്യത്തില്‍ ആശുപത്രികളില്‍ വാര്‍ഡുകള്‍ ആരംഭിക്കാനും മൊബൈല്‍ മെഡിക്കല്‍ ടീം പ്രവര്‍ത്തനസജ്ജമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സേവനങ്ങള്‍ ഉറപ്പാക്കും. അവശ്യഘട്ടങ്ങളില്‍ ക്യാമ്പുകളിലെ രോഗികളെ ആശുപത്രിയിലേക്ക് മാറ്റാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ പരിസരങ്ങളുടെ ശുചീകരണം ഉറപ്പാക്കാനും അത്തരം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് എലിപ്പനി പോലുള്ള രോഗങ്ങള്‍ പിടിപെടാതിരിക്കാനുള്ള പ്രതിരോധ മരുന്നുകള്‍ ഉറപ്പാക്കുന്ന നടപടിയും സ്വീകരിച്ചു.

ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടൂറിസം സെന്ററുകളെപ്പറ്റിയുള്ള വിവരങ്ങള്‍, ജില്ലയിലെത്തുന്ന സഞ്ചാരികളുടെ വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കി. വെള്ളച്ചാട്ടങ്ങള്‍ക്ക് മുന്നില്‍ സുരക്ഷാ മുന്നറിയിപ്പ് ലഭ്യമാക്കി സുരക്ഷ ഉറപ്പാക്കണം. അഞ്ചുരുളി ടണലിന്റെ വശങ്ങളില്‍ ഇറങ്ങുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണം. ഇതിനായി കാഞ്ചിയാര്‍ പഞ്ചായത്ത്, വനം വകുപ്പ്, ടൂറിസം വകുപ്പ്, ഡാം സേഫ്റ്റി എന്നിവര്‍ പ്രത്യേക യോഗം ചേരും.  

റോഡിലെ ഓടകള്‍, മാന്‍ഹോളുകള്‍ എന്നിവ വൃത്തിയാക്കണം. ഇടിമിന്നലും കാറ്റും ഉള്ളപ്പോള്‍ കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കണം. മഴക്കുഴികള്‍, പടുതാക്കുളങ്ങള്‍ എന്നിവ  നിറയുന്ന സാഹചര്യം ഒഴിവാക്കണം.മാലിന്യങ്ങള്‍ നീക്കി നീര്‍ച്ചാലുകളുടെ ഒഴുക്ക് സുഗമമാക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.

ഇടിമിന്നല്‍ സാധ്യതയുള്ള മേഖലകളില്‍ കന്നുകാലികളെ അഴിച്ചു വിടാതിരിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കൂടാതെ ബ്ലോക്ക് അടിസ്ഥാനത്തില്‍ 7 മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍ സജ്ജമാക്കി. കന്നുകാലികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ ഉറപ്പാക്കിയിട്ടുണ്ട്.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ സുജിത് കരുണ്‍, അതുല്‍ സ്വാമിനാഥന്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!