
മൂന്നാർ ∙ മൂന്നാർ പുഷ്പമേളയിൽ വിനോദ സഞ്ചാരികളുടെ വൻ തിരക്ക്. അഞ്ചു ദിവസത്തിനിടയിൽ 40,000 പേർ പുഷ്പ മേള സന്ദർശിച്ചു. പുഷ്പമേളയോടനുബന്ധിച്ച് പുതുതായി തുറന്ന ഗ്ലാസ് വാച്ച് ടവറിൽ അഞ്ചു ദിവസത്തിനിടയിൽ 6,000 പേർ കയറി. ഒന്നാം തീയതി മുതലാണ് ദേവികുളം റോഡിലുള്ള ജില്ല വിനോദസഞ്ചാരവകുപ്പിന്റെ ബോട്ടാണിക്കൽ ഗാർഡനിൽ അഞ്ചാമത് പുഷ്പമേള ആരംഭിച്ചത്. മൂന്നാറിന്റെ തനതു പൂക്കൾക്കൊപ്പം വിദേശയിനങ്ങൾ ഉൾപ്പെടെ പുതിയ രണ്ടായിരത്തിലേറെ തരത്തിലുള്ള പൂക്കളും ചെടികളുമാണ് മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിൽനിന്നുള്ള അസീലിയ, റോസ്, ഓർക്കിഡ്, ആന്തൂറിയം എന്നിവ ഇത്തവണത്തെ പുഷ്പമേളയുടെ പ്രത്യേകതയാണ്. ഒരു ലക്ഷത്തിലധികം ചെടികളാണ് ബോട്ടാണിക്കൽ ഗാർഡനിലുള്ളത്. കൂടാതെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഗാർഡനിലെ ആംഫി തീയറ്ററിൽ വ്യത്യസ്തങ്ങളായ കലാപരിപാടികളും മ്യൂസിക്കൽ ഫൗണ്ടനും ഉണ്ട്. പുതുതായി നിർമിച്ച ഗ്ലാസ് വാച്ച് ടവർ, റെയ്ൻ ബോ റൈഡ് എന്നിവ ഇത്തവണത്തെ പ്രത്യേകതയാണ്. മുതിർന്നവർക്ക് 100, കുട്ടികൾക്ക് 50 രൂപയുമാണ് നിരക്ക്. ഗ്ലാസ് വാച്ച് ടവറിൽ മുതിർന്നവർക്ക് 250, കുട്ടികൾക്ക് 200 രൂപയുമാണ് നിരക്ക്. സഞ്ചാരികളുടെ തിരക്ക് കാരണം 10 വരെ നടത്താനിരുന്ന പുഷ്പപമേള ഒരാഴ്ചകൂടി നീട്ടാനാണ് ആലോചന



