
അടിമാലി: 2025 മെയ് 9നാണ് കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ(39), ശുഭയുടെ മാതാവ് പൊന്നി(75) ശുഭയുടെ മക്കളായ അഭിനന്ദ്(8) അഭിനവ് (4) എന്നിവരെ വീടിന് തീപിടിച്ച് മരണപ്പെട്ടത്. എന്നാൽ സംഭവം പുറലോകം അറിയുന്നത് പത്താം തീയതി ഉച്ചയ്ക്ക് ശേഷമാണ്. വീട് പൂർണമായും കത്തി നശിച്ചിരുന്നു . ഷോർട്ട് സർക്യൂട്ട് ആവാം അപകട കാരണം എന്നായിരുന്നു പോലീസിന്റെ നിഗമനം . ഇളയ മകൻ അഭിനവിന്റെ മൃതദേഹം പാതി കത്തിയ നിലയിൽ ആണ് കണ്ടെത്തിയത്.
പ്രദേശവാസികൾ ഉടനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാക്കി മൂന്നു പേരുടെയും ശരീരം പൂർണമായും കത്തി ചാമ്പൽ ആയി മാറിയിരുന്നു .അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് മരിച്ച പൊന്നമ്മയുടെ മകനായ ഗിരീഷ് പറഞ്ഞു . ഇതോടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് നാട്ടുകാരും സംശയം ഉന്നയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു . എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണം എങ്ങും എത്താതെ ആയതോടെ പല കോണിൽ നിന്നും പ്രതിഷേധം ഉയർന്നു. തുടർന്ന് ഫെബ്രുവരി 20ന് പ്രദേശവാസികൾ ചേർന്ന് കൊന്നത്തടി പഞ്ചായത്തിൽ ഹർത്താൽ നടത്തി. ഇതിനു പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി .
സംഭവം നടന്ന ഒരു വർഷം പിന്നിട്ടിട്ടും കേസിൽ യാതൊരുവിധ പുരോഗമനവും ഇല്ല എന്ന് ജനകീയ സമിതിയും ബന്ധുക്കളും പറഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രദേശത്ത് പല രീതിയിൽ വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടുണ്ട്. സംഭവ സമയത്ത് വീടിന്റെ സമീപത്തു നിന്നും പെട്രോൾ കുപ്പി കിട്ടിയെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെങ്കിൽ മൂന്നുപേരുടെയും മൃതദേഹങ്ങൾ കത്തിച്ചാരമാകില്ല എന്ന രീതിയിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. സംഭവത്തിന്റെ സത്യം അറിയാതെ പ്രക്ഷോഭത്തിൽ നിന്നും പിന്മാറില്ല എന്ന തീരുമാനത്തിൽ ആണ് ജനകീയ സമിതി .



