പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ സ്കൂള്‍ ബസുകളുടെ പരിശോധന തുടരുന്നു
അടിമാലി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെ ജില്ലയിലെ സ്കൂള്‍ ബസുകളുടെ പരിശോധന തുടരുന്നു. തൊടുപുഴ, ദേവികുളം, ഉടുമ്പന്‍ചോല, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ജില്ലയിലെ സബ് ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന. ഇതിനായി പ്രത്യേക ടീം സജ്ജമാണ്. കഴിഞ്ഞ 16 മുതല്‍ പരിശോധനകള്‍ തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. ജില്ലയിലാകെ. 898 സ്കൂള്‍ ബസുകളാണുള്ളത്.ഫിറ്റ്നസ് ഇല്ലാത്ത വാഹനത്തില്‍ സ്കൂള്‍ കുട്ടികളെ കൊണ്ടു പോകുന്നത് മൂലമുണ്ടാകുന്ന അപങ്ങള് ഒഴിവാക്കാനാണ് മോട്ടോര്‍വാഹന വകുപ്പിന്റെ ഇപ്പോഴത്തെ പരിശോധന.
രണ്ടുമാസത്തോളമായി ദിവസ സര്‍വീസില്ലാതെ കയറ്റിയിട്ടിരിക്കുന്ന ബസുകളില്‍ മെക്കാനിക്കല്‍ പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. വാഹനത്തിന്റെ ഫിറ്റ്നസ്, വാതില്‍, ജനല്‍, എമര്‍ജന്‍സി ഡോര്‍, ഫസ്റ്റ് എയ്ഡ് ബോക്സ്, തീ കെടുത്താനുള്ള സംവിധാനം, ആക്സില്‍, ഡോര്‍ ലോക്കുകള്‍, ഹോണ്‍, ഹെഡ്ലൈറ്റ്, ബ്രേക്ക്, ഇന്‍ഡിക്കേറ്ററുകള്‍, വൈപ്പര്‍, ശുചിത്വം തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. വേഗപരിധി നിയന്ത്രണ സംവിധാനം, കാമറ, ജിപിഎസ്, കുട്ടികള്‍ക്ക് ബാഗുകള്‍ വയ്ക്കാനുള്ള റാക്ക് തുടങ്ങിയവയും ഉറപ്പാക്കും. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരും ഫോണ്‍ നമ്പറും ബസില്‍ രേഖപ്പെടുത്തിയിരിക്കണം.
പെയിന്റിന്റെ കുറവൊഴികെയുള്ള ബാക്കി എല്ലാം പരിശോധിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. പെയിന്റ് തീര്‍ത്തും മോശമാണെങ്കില്‍ അവ പരിഹരിച്ച് വരാനാണ് ആവശ്യപ്പെടുക. തുരുമ്പ് പോലുള്ള കാര്യങ്ങളു ണ്ടെങ്കില് ഫിറ്റ്നസ് ലഭിച്ചേക്കില്ല. ഫിറ്റ്നസ് ലഭിച്ചിട്ടുള്ള വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും.ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നല്‍കും. ഡ്രൈവര്മാ ക്ക് റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നല്‍കും. ഇവരുടെ ലൈസന്‍സ് കാലാവധിയും വാഹനത്തിന്റെ രേഖകളും പരിശോധിക്കും. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് പരിശോധന പൂര്‍ത്തിയാക്കാനാണ് മോട്ടോര്‍ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്.



