സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് ഈടാക്കാനുള്ള മൂന്നാര്‍ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ സിപിഐ

മൂന്നാര്‍: മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് ഈടാക്കാനുള്ള മൂന്നാര്‍ പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി മൂന്നാറിലെ സിപിഐ പ്രാദേശിക നേതൃത്വം രംഗത്ത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് ഈടാക്കുന്നതിനുള്ള തീരുമാനം മൂന്നാര്‍ പഞ്ചായത്ത് കൈകൊണ്ടത്. മൂന്നാറിലേക്കെത്തുന്ന സഞ്ചാരികള്‍ നിക്ഷേപിക്കുന്ന മാലിന്യം പരിപാലിക്കുന്നതിനും സംസ്‌ക്കരണത്തിനുമുള്ള തുക കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചാരികളില്‍ നിന്നും പ്രവേശന ഫീസ് ഈടാക്കാനുള്ള തീരുമാനം കൈകൊണ്ടതെന്നായിരുന്നു ഇക്കാര്യത്തിലുള്ള പഞ്ചായത്തിന്റെ വിശദീകരണം.
എന്നാല്‍ പഞ്ചായത്തിന്റെ ഈ നടപടിക്കെതിരെയാണിപ്പോള്‍ മൂന്നാറിലെ സിപിഐ പ്രദേശിക നേതൃത്വം രംഗത്തെത്തിയിട്ടുള്ളത്. മൂന്നാറിലെ ഗതാഗതകുരുക്കിന് പരിഹാരം കണ്ടശേഷം വേണം പ്രവേശന ഫീസ് ഈടാക്കാനുള്ള നടപടികളുമായി പഞ്ചായത്ത് മുമ്പോട്ട് പോകുവാനെന്ന് സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. കെ ചന്ദ്രപാല്‍ പറഞ്ഞു. വാഹനങ്ങള്‍ നിര്‍ത്തി യൂസര്‍ ഫീ പിരിക്കുന്ന നടപടി ഇപ്പോഴത്തെ നിലയില്‍ വീണ്ടും ഗതാഗതകുരുക്ക് രൂക്ഷമാക്കുമെന്നും സിപിഐ നേതൃത്വം ആരോപിക്കുന്നു. മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളില്‍ ഹരിത ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചു വാഹനങ്ങളില്‍നിന്നു പ്രവേശനഫീസ് പിരിക്കാനാണ് മൂന്നാര്‍ പഞ്ചായത്തിന്റെ നീക്കം.
വാഹനങ്ങള്‍ക്ക് ചുമത്തേണ്ട നിരക്ക് പിന്നീട് തീരുമാനിക്കും.വാഹനങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുകയെന്നാണ് വിവരം. ദിവസവും ശരാശരി 1500 മുതല്‍ 2500 വരെ വാഹനങ്ങള്‍ മൂന്നാറിലെത്തുന്നുണ്ടെന്നാണ് കണക്ക്.



